ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ഇന്ന് ചര്‍ച്ച

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്
ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ഇന്ന് ചര്‍ച്ച

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാന്‍ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരാണ് പട്ടിക ചര്‍ച്ച നടത്തുന്നത്. ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമ പട്ടിക തീരുമാനിക്കുക. അതിനായി നേതാക്കള്‍ നാളെ ഡെല്‍ഹിയിലേക്ക് പോകും. 

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. സിറ്റി എംപിമാരെ വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ എറണാകുളത്ത് കെ.വി തോമസിന് പകരം മറ്റാരെയെങ്കിലും മത്സരിപ്പിക്കും. എറണാകുളം സിറ്റിങ് എംഎല്‍എ ഹൈബി ഈഡനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക. 

എഎംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റിറ്റേതായിരിക്കും. സംഘടനാ ചുമതലയുള്ള കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ചാണ്ടി എന്നിവരോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്. 

ഡിസിസി അധ്യക്ഷന്‍ ടി എന്‍ പ്രതാപന്റെ പേര് തൃശൂരിലും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ പേര് ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. വി എം സുധീരന്‍ , പി സി ചാക്കോ എന്നിവരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ഞായറാഴ്ചയോടെ ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ പട്ടിക ഹൈക്കമാന്റിന് കൈമാറും. തിങ്കളാഴ്ച ആണ് സ്‌ക്രീനിങ് കമ്മറ്റി യോഗം. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com