ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് നീതികേട് ; തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടരിയാണ് താന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റികളിലെ അംഗമാണ്
ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് നീതികേട് ; തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടരിയാണ് താന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്‌ക്രീനിംഗ് കമ്മിറ്റികളിലെ അംഗമാണ്. കൂടാതെ കര്‍ണാടക സംസ്ഥാനത്തിന്റെ ചുമതലയും തനിക്കുണ്ട്. ഇത്തരം തിരക്കിനിടയില്‍ ഒരു സീറ്റില്‍ മല്‍സരിക്കുക ബുദ്ധിമുട്ടാണ്. ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. 

സംഘടനാ ചുമതലയുള്ളതുകൊണ്ട് മല്‍സരരംഗത്തേക്കിറങ്ങുന്നില്ല. ഡല്‍ഹിയിലിരുന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നത് ആലപ്പുഴയിലെ ജനങ്ങളോട് ചെയ്യുന്ന നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞു. വ്യക്തിപരമായി മല്‍സരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെങ്കിലും സംഘടനാ താല്‍പ്പര്യത്തിനാണ് പ്രാധാന്യം. അതിനാല്‍ മല്‍സര രംഗത്തേക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയില്‍ എഎം ആരിഫ് എംഎല്‍എയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ആരിഫ് രംഗത്തു വന്നതോടെ, വേണുഗോപാലിനെ പോലുള്ള അതിശക്തന്‍ തന്നെ മല്‍സര രംഗത്ത് വേണമെന്നായിരുന്നു കോണ്‍ഗ്രസില്‍ ഉയര്‍ന്ന് ആവശ്യം. വേണുഗോപാല്‍ മാറിയാല്‍, പിസി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിഗണനയിലുണ്ട്. 

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. മല്‍സര രംഗത്തിറങ്ങുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com