തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഉദ്ഘാടന മാമാങ്കം; ഒരു മാസത്തിനിടെ മോദി ഉദ്ഘാടനം ചെയ്തത് 157 പദ്ധതികള്‍

ഒരു മാസത്തിനിടെ രാജ്യമെമ്പാടും മോദി നടത്തിയത് 28 യാത്രകള്‍ - 157 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു 
തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഉദ്ഘാടന മാമാങ്കം; ഒരു മാസത്തിനിടെ മോദി ഉദ്ഘാടനം ചെയ്തത് 157 പദ്ധതികള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരുമാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ചത് 157 പദ്ധതികള്‍. ഇതിനായി കഴിഞ്ഞ ഒരുമാസത്തിനിടെ രാജ്യമെമ്പാടും മോദി  28 യാത്രകളാണ് നടത്തിയത്. 

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ അന്നുമുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഇതിന് മുമ്പേ ചടങ്ങുകളെല്ലാം നിര്‍വഹിക്കുന്ന തിരക്കിലാണ് നരേന്ദ്രമോദി. ഇന്ന് തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യപിക്കാനിരിക്കെ നിരവധി പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി എട്ടുമുതല്‍ മാര്‍ച്ച് ഒമ്പത് വരെ ദേശീയ പാതകള്‍, റെയില്‍വേ പാതകള്‍, മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഗ്യാസ് പൈപ്പ് ലൈന്‍, വിമാന ത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഒരുമാസം പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടികളൊന്നും നടന്നിട്ടില്ലെന്ന് രേഖകള്‍ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.  

ജനുവരി എട്ടുമുതല്‍ ഫെബ്രുവരി ഏഴുവരെ മോദി ഉദ്ഘാടനം ചെയ്തത് 57 പദ്ധതികളാണ്. ഇതിന് ശേഷമുള്ള നാല് ആഴ്ചകളില്‍ മോദി നടത്തിയ ഉദ്ഘാടനങ്ങളേക്കാള്‍ നാലിരട്ടി വരും ഇത്. മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍ ചിലത് പഴയവയാണെന്നും പുതിയതാണെന്ന മട്ടില്‍ വീണ്ടും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്നും ആരോപണങ്ങളും ഉയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com