പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍പിള്ള?; തൃശൂരില്‍ തുഷാര്‍; ബിജെപി സ്ഥാനാര്‍ത്ഥികളെ നാളെയറിയാം

നാളെ ചേരുന്ന കോര്‍ കമ്മറ്റിയോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. 
പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍പിള്ള?; തൃശൂരില്‍ തുഷാര്‍; ബിജെപി സ്ഥാനാര്‍ത്ഥികളെ നാളെയറിയാം

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ബിജെപിയുടെ നിര്‍ണ്ണായക കോര്‍ കമ്മിറ്റിയോഗം തിങ്കളാഴ്ച ചേരും. നാല് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന പരിവര്‍ത്തനയാത്രയ്ക്ക് ഞായറാഴ്ച സമാപിക്കും. മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുന്ന കുമ്മനം രാജശേഖരന് വലിയ വരവേല്‍പ്പ് നല്‍കാനാണ് ബിജെപി ജില്ലാ ഘടകത്തിന്റെ തീരുമാനം. സ്വീകരണപരിപാടിയോടെ കുമ്മനത്തിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കമാകും. 

നാളെ ചേരുന്ന കോര്‍ കമ്മറ്റിയോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും. എല്‍ഡിഎഫ് കരുത്തരെ ഇറക്കി. യുഡിഎഫ് പട്ടികയിലും സീനിയേഴ്!സിന്റെ മുന്‍തൂക്കമുണ്ട്. അതിനാല്‍ ബിജെപിയും മുതിര്‍ന്ന നേതാക്കളെ തന്നെ കളത്തിലിറക്കാനാണ് ആലോചന. എ പ്ലസ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് പുറത്തെ പ്രമുഖരെക്കാള്‍ നേതാക്കള്‍ക്ക് തന്നെയാണ് മുന്‍തൂക്കം.

പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയോ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനോ സ്ഥാനാര്‍ത്ഥിയാകും.  ജില്ലാ ഘടകത്തിനാകട്ടെ പക്ഷെ പിള്ളയെക്കാള്‍ താല്‍പര്യം ശബരിമല സമരം നയിച്ച കെ.സുരേന്ദ്രനെയാണ്. സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ അന്തിമതീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. പത്തനംതിട്ട കഴിഞ്ഞാല്‍ പിന്നെ സുരേന്ദ്രന് താല്‍പര്യം തൃശൂര്‍ മണ്ഡലമാണ്. പക്ഷെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ ബിഡിജെഎസിന് വിട്ടുകൊടുക്കേണ്ടിവരും. തുഷാറിനോട് മത്സരിക്കാന്‍ അമിത്ഷാ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഡല്‍ഹിയിലെത്തിയ തുഷാര്‍ അമിത്ഷായുമായി നാളെയോ മറ്റന്നാളോ വീണ്ടും ചര്‍ച്ച നടത്തും. ഷാ നിലപാട് ആവര്‍ത്തിച്ചാല്‍ തുഷാറിന് സ്ഥാനാര്‍ത്ഥിയാകേണ്ടിവരും.

അങ്ങനെയെങ്കില്‍ കെ സുരേന്ദ്രന് സീറ്റ് കണ്ടെത്തുകയാണ് ബിജെപിക്ക് മുന്നിലെ പ്രധാന പ്രശ്‌നം. കാസര്‍ക്കോട് പികെ കൃഷ്ണദാസ്, കണ്ണൂരില്‍ സികെ പത്മനാഭന്‍, കോഴിക്കോട് എംടി രമേശ്, ചാലക്കുടി എ എന്‍ രാധാകൃഷ്ണന്‍, പാലക്കാട് ശോഭാസുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ പരിവര്‍ത്തനയാത്ര തീര്‍ന്നശേഷം പാര്‍ട്ടി അന്തിമ ചര്‍ച്ചകളിലേക്ക് കടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com