ചാലക്കുടിയിൽ മത്സരിക്കാൻ ‘ട്വന്റി 20’യും; സാബു എം ജേക്കബ് സ്ഥാനാര്‍ഥിയായേക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 11th March 2019 07:57 AM |
Last Updated: 11th March 2019 07:57 AM | A+A A- |
ആലുവ: കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ജനകീയ കൂട്ടായ്മയായ ‘ട്വന്റി 20’ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ച കിഴക്കമ്പലത്തു ചേര്‍ന്ന ട്വന്റി 20 പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് മത്സരത്തിനിറങ്ങാന്‍ തീരുമാനമുണ്ടായത്. കിറ്റെക്സ് ഗാര്‍മെന്റ്‌സ് എംഡിയും ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. ചീഫ് കോ- ഓര്‍ഡിനേറ്റര്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റി 20 യോട് ഇരു മുന്നണികളും പുലർത്തുന്ന നയത്തില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഞായറാഴ്ച കിഴക്കമ്പലം സെന്റിനറി ഹാളില്‍ കൂടിയ 2200-ഓളം പ്രവര്‍ത്തകരുടെ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടു രേഖപ്പെടുത്തേണ്ടതില്ല എന്ന തീരുമാനമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. വിശദ ചര്‍ച്ചയ്ക്കൊടുവിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടുകള്‍ സ്വരൂപിക്കാന്‍ തീരുമാനിച്ചത്.
പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്ന് ട്വന്റി 20 കരുതുന്നു. ഇതോടൊപ്പം സമീപ നിയമസഭാ മണ്ഡലങ്ങളിലെ നല്ലൊരു വിഭാഗം നിഷ്പക്ഷ വോട്ടുകളും ലഭിക്കുമെന്ന് അവർ കണക്കു കൂട്ടുന്നു. ട്വന്റി 20യെക്കുറിച്ച് അറിഞ്ഞിട്ടുള്ളവര്‍ ട്വന്റി 20ക്ക് തന്നെ വോട്ട് നൽകുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.