ഉത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ സ്വർണ വാതിൽ സമർപ്പിക്കും

ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. കൊടിയേറ്റിനു മുന്നോടിയായി വൈകീട്ട് ആറിന് ശുദ്ധിക്രിയകൾ ആരംഭിക്കും
ഉത്സവം; ശബരിമല നട ഇന്ന് തുറക്കും; പുതിയ സ്വർണ വാതിൽ സമർപ്പിക്കും

ശബരിമല: ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. കൊടിയേറ്റിനു മുന്നോടിയായി വൈകീട്ട് ആറിന് ശുദ്ധിക്രിയകൾ ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നാളെ രാവിലെ 7.30ന് 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും. 

ഉ‌ത്സവത്തോടനുബന്ധിച്ച് പ്രധാന ചടങ്ങുകളായ ഉത്സവബലി 13 മുതൽ 20 വരെ നടക്കും. പള്ളിവേട്ട 20ന് രാത്രി 10ന് ശരംകുത്തിയിൽ. ഉത്സവത്തിന് സമാപനം കുറിച്ച് 21ന് രാവിലെ 11ന് പമ്പയിൽ ആറാട്ട്. 21ന് ആറാട്ടിന് ശേഷം ഉച്ചയ്ക്ക് മൂന്ന് വരെ പമ്പാ ഗണപതികോവിലിൽ അയ്യപ്പനെ എഴുന്നള്ളിച്ച് ഇരുത്തും. ഈ സമയത്ത് പറ വഴിപാട് നടത്താം. ആറാട്ട് ഘോഷയാത്ര വൈകിട്ട് ആറിന് സന്നിധാനത്തിൽ തിരിച്ചെത്തിയ ശേഷം കൊടിയിറക്കും. 12 മുതൽ 20 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ ഒൻപത് വരെ നെയ്യഭിഷേകം നടക്കും. 

ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ പുതിയ വാതിൽ സമർപ്പണം ഇന്ന് നട തുറന്ന ശേഷം നടക്കും. രാത്രിയിൽ പഴയ വാതിൽ മാറ്റി പുതിയത് സ്ഥാപിക്കും. കോട്ടയം ഇളംപള്ളി ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച വാതിൽ സമർപ്പണ ഘോഷയാത്ര ശബരിമലയിൽ സമാപിച്ചു. തന്ത്രിയുടെ കാർമികത്വത്തിൽ പൂജകൾക്കു ശേഷമാണ് വാതിൽ സമർപ്പണ ഘോഷയാത്ര ആരംഭിച്ചത്. ഭക്തജനങ്ങൾക്കൊപ്പം ചലച്ചിത്രതാരം ജയറാമും വാതിൽ കൊണ്ടുപോയ രഥത്തിൽ ശരണം വിളികളുമായി കുറെ ദൂരം സഞ്ചരിച്ചു. ഗുരുവായൂർ സ്വദേശി ഇളവള്ളി നന്ദൻ ആചാരിയാണ് വാതിൽ നിർമിച്ചത്.

ഇതോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രദീപ പ്രകാശനം ജയറാം നിർവഹിച്ചു. ഡോ. എൻ ജയരാജ് എംഎൽഎ ആധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസ്, പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര സമിതി ഭാരവാഹികളായ പിആർ ഉണ്ണിക്കൃഷ്ണൻ നായർ, ബിജു കണിയാംപറമ്പിൽ, കർണാടകയിലെ കാമാക്ഷി പാളയം എംഎൽഎ സുരേഷ്  പ്രസംഗിച്ചു. 

വാതിൽ സ്വർണം പൂശി സമർപ്പിച്ച പള്ളിക്കത്തോട് സികെ കൺസ്ട്രക്ഷൻസ് ഉടമ സികെ വാസുദേവൻ, ബംഗളൂരു സ്വദേശികളായ പിആർ അജിത്കുമാർ, ഉണ്ണി നമ്പൂതിരി, രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവർധനൻ എന്നിവരെ ആദരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com