പിന്‍മാറ്റം ഹൈക്കമാന്‍ഡ് അംഗീകരിക്കില്ല; ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും സുധാകരനും സ്ഥാനാര്‍ഥികളാവും

മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ പിന്മാറുന്നത് തിരിച്ചടിയാകുമോ എന്നും ഹൈക്കമാന്‍ഡിന് ആശങ്ക
പിന്‍മാറ്റം ഹൈക്കമാന്‍ഡ് അംഗീകരിക്കില്ല; ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും സുധാകരനും സ്ഥാനാര്‍ഥികളാവും

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മല്‍സര രംഗത്തുനിന്നും പിന്മാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എന്നിവരാണ് മല്‍സരിക്കാനില്ലെന്ന് അറിയിച്ചത്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ പിന്മാറുന്നത് തിരിച്ചടിയാകുമോ എന്നും ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. 

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആയതിനാല്‍ തെരഞ്ഞെടുപ്പിനായി ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്. കെപിസിസി അധ്യക്ഷനായതിനാല്‍ മല്‍സര രംഗത്തേക്കില്ലെന്ന് മുല്ലപ്പള്ളിയും അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു നിലപാട് നേരത്തെ തന്നെ എടുത്തിരുന്നു. അതില്‍ നിന്നും പിന്നോട്ടുപോകില്ലെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. 

സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് താല്‍പ്പര്യമെന്നാണ് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അറിയിച്ചത്. ശാരീരികമായ പ്രശ്‌നങ്ങളും ഉണ്ട്. അതിനാല്‍ മല്‍സരരംഗത്തേക്കില്ലെന്നാണ് ഇരുവരും പറഞ്ഞത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. അതൃപ്തി അറിയിച്ചതിന് പിന്നാലെ, ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ തിരുത്തിയിട്ടുണ്ട്. 

സംഘടനാ ചുമതലകളുടെ തിരക്കുള്ളതിനാല്‍ കെസി വേണുഗോപാലിനെ ആലപ്പുഴയില്‍ നിന്നും സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം എടുക്കുക. മല്‍സരിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ തന്നെ വേണമെന്നാണ് കെസി വേണുഗോപാലിന്റെ താല്‍പ്പര്യം. ആലപ്പുഴയില്‍ മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ പേരും പരിഗണിക്കുന്നുണ്ട്. 

ആറോളം എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകാന്‍ പരിഗണിക്കുന്നത്. ഉമ്മന്‍ചാണ്ടി, അടൂര്‍പ്രകാശ്, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍,എപി അനില്‍കുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഏറ്റവും കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിക്കുക മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുമുന്നണി ആറ് എംഎല്‍എമാരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com