ജോസഫിനെ ഒഴിവാക്കി; തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയെന്ന് കെഎം മാണി; വീണ്ടും പിളര്‍പ്പിലേക്ക്‌ 

കോട്ടയം മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. വാര്‍ത്താക്കുറിപ്പിലൂടെ മാണി തീരുമാനം അറിയിക്കുകയായിരുന്നു
ജോസഫിനെ ഒഴിവാക്കി; തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയെന്ന് കെഎം മാണി; വീണ്ടും പിളര്‍പ്പിലേക്ക്‌ 

കോട്ടയം: കോട്ടയം മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. വാര്‍ത്താക്കുറിപ്പിലൂടെ മാണി തീരുമാനം അറിയിക്കുകയായിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പി.ജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.

കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ് തോമസ് ചാഴിക്കാടന്‍. ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഒറ്റവരി വാര്‍ത്താക്കുറിപ്പിലൂടെയാണ് പാര്‍ട്ടി ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പി.ജെ ജോസഫിനെതിരെ കോട്ടയത്തെ പാര്‍ട്ടി നിയമസഭാ മണ്ഡലം കമ്മറ്റികള്‍ രംഗത്തെത്തിയിരുന്നു.

തീരുമാനം വന്നതിന് പിന്നാലെ ജോസഫ് വിഭാഗം ഗ്രൂപ്പ് യോഗം തുടരുകയാണ്. മോന്‍സ് ജോസഫും ഇടുക്കി ജില്ലാ നേതാക്കളും പങ്കെടുക്കുന്നു. ജോസഫിന് കേരള കോണ്‍ഗ്രസ് ലോക്‌സഭാ സീറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് തിരക്കിട്ട ചര്‍ച്ചകള്‍. കോട്ടയം സീറ്റില്‍ പി.ജെ.ജോസഫ് സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കോട്ടയം ജില്ലാ ഘടകം എതിര്‍പ്പുമായി രംഗെത്തിയത്.ഇതിനിടെ ജോസഫിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും ഇടപെട്ടു. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാണി വിഭാഗം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com