തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും; മത്സരിക്കണമെന്നാവര്‍ത്തിച്ച് അമിത് ഷാ

 സ്ഥാനാര്‍ത്ഥി തീരുമാനം എത്രയും വേഗം അറിയിക്കണമെന്ന് തുഷാറിനോട് അമിത് ഷാ - നാളെ വീണ്ടും കൂടിക്കാഴ്ച 
തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും; മത്സരിക്കണമെന്നാവര്‍ത്തിച്ച് അമിത് ഷാ


ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സ്ഥാനാര്‍ത്ഥി തീരുമാനം എത്രയും വേഗം അറിയിക്കണമെന്ന് അമിത് ഷാ തുഷാറിനെ അറിയിച്ചു. നാളെ അമിത് ഷായുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തും. 
തുഷാര്‍ മത്സരിക്കുന്നത് തെരഞ്ഞടുപ്പില്‍ ഗുണകരമാകുമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

ബിജെപിയെ സംബന്ധിച്ച് തെരഞ്ഞടുപ്പ് നിര്‍ണ്ണായകമായതിനാലാണ് തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത് നല്ലതെന്ന് ഒരിക്കല്‍ കൂടി അമിത്ഷാ അറിയിച്ചത്.  തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മാറുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍ തന്നെ തുഷാറിനെ സമീപിക്കുന്നത്. 

നേരത്തെ നടന്ന കൂടിക്കാഴ്ചയില്‍ ഇതേ ആവശ്യം അമിതഷാ ഉന്നയിച്ചപ്പോല്‍ എസ്എന്‍ഡിപി ഭാരവാഹിയായതിനാല്‍ സംഘടനയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു തുഷാറിന്റെ മറുപടി. സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാര്‍ട്ടിയില്‍ തുടര്‍ന്നാലേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകൂ എന്നും സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാമെന്നും തുഷാര്‍ അറിയിച്ചു. 

എന്നാല്‍ തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമുദായ പദവികള്‍ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് തുഷാര്‍ ആവര്‍ത്തിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തുഷാര്‍ അറിയിച്ചാല്‍ ആറ്റിങ്ങല്‍, ആലപ്പുഴ എന്നീ മണ്ഡലങ്ങള്‍ക്ക് പുറമേ തൃശ്ശൂരും കൊല്ലവും പരിഗണനയിലുണ്ട്.

ബിഡിജെഎസിന്റെ തീരുമാനം വരാത്തതിനാല്‍ ബിജെപിയുടെ സീറ്റ് ചര്‍ച്ചയും വൈകുകയാണ്. തുഷാര്‍ മത്സരത്തിനുണ്ടാകില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പ്രഖ്യാപിച്ചതില്‍ ബിജെപി. ആശങ്ക പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com