പ്രചാരണത്തിന് ഫ്ലക്സ് വേണ്ട ; ജീർണിക്കുന്ന വസ്തുക്കൾ മാത്രമേ ഉപയോ​ഗിക്കാവൂ എന്ന് ഹൈക്കോടതി

ജീർണിക്കുന്ന വസ്തുക്കൾ മാത്രമേ പ്രചാരണത്തിന് ഉപയോ​ഗിക്കാവൂ . പരിസ്ഥിതി സൗഹാർദപരമായിരിക്കണം ഈ തെരഞ്ഞെടുപ്പ് എന്നും കോടതി
പ്രചാരണത്തിന് ഫ്ലക്സ് വേണ്ട ; ജീർണിക്കുന്ന വസ്തുക്കൾ മാത്രമേ ഉപയോ​ഗിക്കാവൂ എന്ന് ഹൈക്കോടതി

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രചാരണത്തിനായി ഫ്ലക്സ് ഉപയോ​ഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. 

ജീർണിക്കുന്ന വസ്തുക്കൾ മാത്രമേ പ്രചാരണത്തിന് ഉപയോ​ഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഈ ഉത്തരവ് പ്രാബല്യത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹാർദപരമായിരിക്കണം ഈ തെരഞ്ഞെടുപ്പ് എന്നും കോടതി നിർദേശിച്ചു. 

പൊതുതെരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾ ധാരാളമായി ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ അത് വിലക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്യാംകുമാർ മസർപ്പിച്ച സ്വകാര്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിഷയത്തിൽ കോടതി സർക്കാരിന്റെ അഭിപ്രായം തേടി. ഫ്ലക്സുമായി ബന്ധപ്പെട്ട് ഒരു ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരി​ഗണനയിലുണ്ട്. അതിലേക്ക് ഈ ഹർജിയും മാറ്റണമെന്നായിരുന്നു സർക്കാർ അറിയിച്ചത്. 

പരിസ്ഥിതി സൗഹാർദപരമായിരിക്കണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്ന് നിർദേശം നൽകിയതായി ഇലക്ഷൻ കമ്മീഷനും കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കോടതി വിധികളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്മീഷൻ അറിയിച്ചു. തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി, വിഷയത്തിൽ സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ, ഇലക്ഷൻ കമ്മീഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com