മാനിച്ചത് പ്രവര്‍ത്തകരുടെ വികാരം, ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ലെന്ന് കെ എം മാണി

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ നിശ്ചയിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി
മാനിച്ചത് പ്രവര്‍ത്തകരുടെ വികാരം, ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ലെന്ന് കെ എം മാണി

കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ നിശ്ചയിച്ചതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. പി ജെ ജോസഫ് വികാരം ഉള്‍ക്കൊളളും. ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ല. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതില്‍ അമര്‍ഷം പ്രകടിപ്പിച്ച പി ജെ ജോസഫ് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കെ എം മാണി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

തോമസ് ചാഴികാടന്‍ ആദരണീയനായ നേതാവാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിന് കിട്ടും. സ്ഥാനാര്‍ത്ഥിയായി ജില്ലയില്‍ നിന്നുളള നേതാവ് തന്നെ വേണമെന്ന് പ്രവര്‍ത്തകര്‍ നിലപാട് സ്വീകരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ വികാരം മാനിക്കുകയായിരുന്നുവെന്നും മാണി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ സുഗമമായും രമ്യമായും പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച പി ജെ ജോസഫ് നീതിപൂര്‍വമായ തീരുമാനമല്ല പാര്‍ട്ടി എടുത്തതെന്ന് പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ട്. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. യുഡിഎഫുമായി കൂടിയാലോചിച്ച് തുടര്‍തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ജോസഫ് പറഞ്ഞു.

മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും മാനിച്ചില്ല. ജില്ല മാറി മത്സരിക്കുമെന്ന പാര്‍ട്ടിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ല. നേരത്തെ റോഷി അഗസ്റ്റിന്‍ ജില്ല മാറി മത്സരിച്ച ചരിത്രമുണ്ടെന്നും ജോസഫ് പറഞ്ഞു. എല്ലാവരുടെയും അഭിപ്രായം അവഗണിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം.

യുഡിഎഫുമായി യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഡല്‍ഹിയിലാണ്. അവരെത്തിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോണ്‍ഗ്രസ്(എം) കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് പിജെ ജോസഫ് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു മാണിവിഭാഗത്തിന്റെ തീരുമാനം. ഇതിനുപിന്നാലെ പിജെ ജോസഫ് വിഭാഗം ജോസഫിന്റെ തൊടുപുഴയിലെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com