ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ട ലംഘനം; മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ട ലംഘനം; മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ട ലംഘനം; മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. സമുദായ ധ്രുവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ വ്യക്തമാക്കി. സുപ്രിം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. 

മതം, ദൈവം എന്നിവ പ്രചാരണ വിഷയമാക്കുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണ്. ശബരിമല വിഷയത്തിനും ഇതു ബാധകമാണ്്. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്ത് രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും പേരു ചേര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ചേര്‍ക്കുന്നവരുടെ പേര് ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും. ഇപ്പോഴത്തെ പട്ടിക പ്രകാരം 2,54,08,711 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 1,22,97,403 പേര്‍ പുരുഷന്മാരാണ്. 1,31,11,189 ആണ് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം. 

സംസ്ഥാനത്ത് വോട്ടര്‍മാര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. കുറവ് വയനാട്ടിലും. 24,970 പോളിങ് സ്‌റ്റേഷനുകളാണ് കേരളത്തില്‍ ഒരുക്കുക. എല്ലാ ബൂത്തുകളിലും വോട്ടു രശീതി (വിവിപാറ്റ്) സംവിധാനം ഉണ്ടാവും. 

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. പെരുമാറ്റച്ചട്ട സംഹിത മുഖ്യമന്ത്രിക്കും എല്ലാ മന്ത്രിമാര്‍ക്കും അച്ചടിച്ചു നല്‍കിയിട്ടുണ്ടെന്നും എല്ലാവരും അതു പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com