സിറ്റിങ് എംപിമാരുടെ കാര്യത്തില്‍ ആശയക്കുഴപ്പം; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നീളുന്നു, 15ന് വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി

മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതു സംബന്ധിച്ചും സിറ്റിങ് എംപിമാരുടെ കാര്യത്തിലുമുള്ള ആശയക്കുഴപ്പമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമെന്നാണ് സൂചന
സിറ്റിങ് എംപിമാരുടെ കാര്യത്തില്‍ ആശയക്കുഴപ്പം; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നീളുന്നു, 15ന് വീണ്ടും സ്‌ക്രീനിങ് കമ്മിറ്റി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് അന്തിമ തീരുമാനത്തിലെത്താനായില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിക്കു നല്‍കേണ്ട പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ 15ന വീണ്ടും യോഗം ചേരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു. 

മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതു സംബന്ധിച്ചും സിറ്റിങ് എംപിമാരുടെ കാര്യത്തിലുമുള്ള ആശയക്കുഴപ്പമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമെന്നാണ് സൂചനകള്‍. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതു സംബന്ധിച്ച് നേതൃതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലേക്ക് ഒരു ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ചുവരുത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും.

മത്സരിക്കുന്നില്ലെന്ന കെസി വേണുഗോപാലിന്റെ നിലപാടിന് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അംഗീകാരം ലഭിച്ചു. എന്നാല്‍ കെ സുധാകരന്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. കണ്ണൂരില്‍ സുധാകരന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് സൂചനകള്‍. 

സിറ്റിങ് എംപിമാരെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ യോഗത്തിനായില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരും. സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സരിക്കുമോയെന്ന ചോദ്യത്തിന് അത്തരം നിഗമനങ്ങളില്‍ എത്താറായിട്ടില്ലെന്ന് മുകുള്‍ വാസ്‌നിക് മറുപടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com