കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തും; വിമാനത്താവളത്തിൽ ​ഗംഭീര സ്വീകരണമൊരുക്കി ബിജെപി, അണിനിരക്കുന്നത് രണ്ടായിരത്തിലേറെ പ്രവർത്തകർ 

മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും മറ്റ് ബിജെപി നേതാക്കളും ചേർന്നാണ് കുമ്മനത്തെ സ്വീകരിക്കുക
കുമ്മനം ഇന്ന് കേരളത്തിൽ തിരിച്ചെത്തും; വിമാനത്താവളത്തിൽ ​ഗംഭീര സ്വീകരണമൊരുക്കി ബിജെപി, അണിനിരക്കുന്നത് രണ്ടായിരത്തിലേറെ പ്രവർത്തകർ 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരൻ ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ കുമ്മനത്തിന് വലിയ സ്വീകരണ പരിപാടികളാണ് ബിജെപി ഒരുക്കുന്നത്. മുൻ പൊലീസ് മേധാവി സെൻകുമാറും മുൻ ഐഎസ്ആർഒ ചെയർമാൻ മാധവൻ നായരും മറ്റ് ബിജെപി നേതാക്കളും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ടായിരത്തിലേറെ പ്രവർത്തകരെ അണിനിരത്തിയുള്ള സ്വീകരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാക്കാനാണ് ബിജെപി നീക്കം. രാവിലെ 8.30ന് കുമ്മനത്തെ വിമാനത്താവളത്തിൽ സ്വീകരിച്ച ശേഷം ബൈക്ക് റാലിയുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളുമായി ചർച്ച നടത്തിയ ശേഷം കുമ്മനം തിരുവനന്തപുരം നിയോജക മണ്ഡലവും ഇന്ന് സന്ദർശിക്കും. 

തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു. 

ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള കുമ്മനത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിസോറം ഗവര്‍ണറുടെ ചുമതല അസം ഗവര്‍ണര്‍ പ്രഫ. ജഗദീഷ് മുഖിക്കു നല്‍കി. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെയാണ് കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com