കുമ്മനം വന്നത് ശ്രീധരന്‍ പിള്ളയുടെ തലയ്ക്കു മുകളിലൂടെ; ബിജെപിയില്‍ കളമൊരുങ്ങുന്നത് വീണ്ടുമൊരു നേതൃത്വമാറ്റത്തിന്?

ശബരിമല സമരത്തില്‍ വേണ്ടത്ര സജീവമായി ഇടപെടാതിരുന്ന ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനോടും അവര്‍ വിയോജിപ്പു പ്രകടപ്പിക്കുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവുമെന്നു വ്യക്തമായതോടെ സംസ്ഥാന ബിജെപിയില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമായി. ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വ്യക്തമാവുന്നതെന്നാണ് സംസ്ഥാന  ബിജെപിയിലെ പ്രബലമായ രണ്ടു വിഭാഗങ്ങളും വിലയിരുത്തുന്നത്. ഈ അവസരം നേതൃമാറ്റത്തിനായി വിനിയോഗിക്കാനും അവര്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് സൂചനകള്‍.

സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയുടെ തലയ്ക്കു മുകളിലൂടെയാണ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി എത്തുന്നത്. ആര്‍എസ്എസ് സംസ്ഥാന ഘടകത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് കേന്ദ്ര നേതൃത്വമാണ് കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണമെന്ന, ശ്രീധരന്‍ പിള്ളയുടെ നിര്‍ദേശം തള്ളിയാണ് നരേന്ദ്രമോദിയും അമിത് ഷായും കുമ്മനത്തിന് സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ അനുമതി നല്‍കിയത്. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന സംഘത്തിന്റെ നിര്‍ദേശത്തിന് ശ്രീധരന്‍ പിള്ള വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കുമ്മനത്തിനു പരസ്യമായി സംസാരിച്ച സംസ്ഥാന വക്താവ് എംഎസ് കുമാറിനോട് പിള്ള വിശദീകരണം ചോദിച്ചതും വാര്‍ത്തയായിരുന്നു.

ഗ്രൂപ്പു പോര് മൂര്‍ഛിച്ച ഘട്ടത്തിലാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിച്ച് ശ്രീധരന്‍ പിള്ളയെ ബിജെപി അധ്യക്ഷനാക്കിയത്. എന്നാല്‍ എല്ലാ വിഭാഗത്തെയും ഒരുമിച്ചു കൊണ്ടുപോവുന്നതില്‍ ശ്രീധരന്‍ പിള്ള പരാജയപ്പെട്ടതായി ഇരു ഗ്രൂപ്പുകളും പറയുന്നു. പുനസംഘടനകള്‍ തികച്ചും ഏകപക്ഷീയമായാണ് പാര്‍ട്ടി അധ്യക്ഷന്‍ പ്രവര്‍ത്തിച്ചത്. അതിലുപരി ശബരിമല ഉള്‍പ്പെടെ പാര്‍ട്ടിക്കു ലഭിച്ച അവസരങ്ങള്‍ കളഞ്ഞുകുളിച്ചത് പിള്ളയുടെ ചില നടപടികള്‍ മൂലമാണെന്നും ഇരുഗ്രൂപ്പുകളും കുറ്റപ്പെടുത്തുന്നുണ്ട്. 

ശബരിമല വിഷയം ശ്രീധരന്‍ പിള്ള കൈകാര്യം ചെയ്തതില്‍ പാളിച്ച സംഭവിച്ചതായി സംഘപരിവാറും വിലയിരുത്തുന്നുണ്ട്. യുവമോര്‍ച്ച വേദിയില്‍ പിള്ളയുടെ 'സുവര്‍ണാവസര പ്രസംഗം' പാര്‍ട്ടിക്കുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെടുത്തിയെന്ന് അവര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ നേതൃമാറ്റം വേണമെന്ന ഗ്രൂപ്പുകളുടെ ആവശ്യത്തെ ആര്‍എസ്എസ് എതിര്‍ക്കില്ലെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റമുണ്ടാവുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്കാണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ച് നേതൃമാറ്റത്തിന് കളമൊരുക്കിയത്. ഈ നടപടി ഒരുവിധത്തിലുള്ള ഗുണവും ഉണ്ടാക്കിയില്ലെന്ന് ഇപ്പോള്‍ നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. ശബരിമല സമരത്തില്‍ വേണ്ടത്ര സജീവമായി ഇടപെടാതിരുന്ന ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനോടും അവര്‍ വിയോജിപ്പു പ്രകടപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com