കോട്ടയം സീറ്റില്‍ പാളിച്ച ആഗ്രഹിക്കുന്നില്ല ; കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഗൗരവത്തോടെ കാണുന്നു, ഇടപെടുമെന്ന് ബെന്നി ബഹനാന്‍

തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാന്‍
കോട്ടയം സീറ്റില്‍ പാളിച്ച ആഗ്രഹിക്കുന്നില്ല ; കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഗൗരവത്തോടെ കാണുന്നു, ഇടപെടുമെന്ന് ബെന്നി ബഹനാന്‍

തിരുവനന്തപുരം : കോട്ടയം സീറ്റില്‍ പാളിച്ച ആഗ്രഹിക്കുന്നില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഗൗരവത്തോടെ കാണുന്നു. ഇങ്ങനെ മുന്നോട്ട് പോകാനാകില്ല. മുന്നണി നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്‌നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. അത് ഉള്‍ക്കൊണ്ട് പ്രശ്‌നം അടിയന്തിരമായി തീര്‍ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. 

കോട്ടയത്തെ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു. കേരളത്തിലെത്തിയ ശേഷം കെ എം മാണിയും പിജെ ജോസഫും അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോസഫും മാണിയും യുഡിഎഫിനൊപ്പം വേണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.

കോട്ടയം സീറ്റില്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ എം മാണി തീരുമാനിച്ചതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തത്. മാണിയുടെ തീരുമാനത്തില്‍ ജോസഫ് വിഭാഗം കടുത്ത അതൃപ്തിയിലാണ്. പ്രാദേശിക വികാരം പറഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com