ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ഇടപെടുന്നു; തിരക്കിട്ട ചര്‍ച്ചകള്‍; പിന്നോട്ടില്ലെന്ന് മാണി വിഭാഗം 

കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ സജീവമാവാന്‍ കെഎം മാണി തോമസ് ചാഴികാടനു നിര്‍ദേശം നല്‍കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഉടക്കി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ശ്രമം തുടങ്ങി. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചതെങ്കിലും പ്രശ്‌നപരിഹാരത്തിനായി പിന്നണിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുടെ സന്ദേശവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം റോയ് കെ പൗലോസ് ജോസഫുമായി കൂടിക്കാഴ്ച നടത്തി.

മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ജോസഫിനെ കാണാനെത്തിയത് എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം റോയ് കെ പൗലോസ് പ്രതികരിച്ചത്. ജോസഫ് മുതിര്‍ന്ന നേതാവാണ്, ആ നിലയ്ക്കു തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് റോയ് കെ പൗലോസ് പറഞ്ഞു. ജോസഫ് ശക്തമനായ നേതാവാണ്, അതു പരിഗണിച്ചുകൊണ്ടുള്ള പരിഹാരമുണ്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള കോണ്‍ഗ്രസ് നേതാക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ യുഡിഎഫ് നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ല. ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസിനു കഴിയുമെന്നാണ് കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോട്ടയം സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തര്‍ക്കം ആ പാര്‍ട്ടി തന്നെ പരിഹരിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

അതേസമയം തര്‍ക്കം മൂര്‍ഛിക്കാതിരിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ് റോയ് കെ പൗലോസിന്റെ സന്ദര്‍ശനമെന്നാണ് സൂചനകള്‍. പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന സന്ദേശം അദ്ദേഹം ജോസഫിനെ ധരിപ്പിച്ചതായാണ് അറിയുന്നത്.

അതിനിടെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ സജീവമാവാന്‍ കെഎം മാണി തോമസ് ചാഴികാടനു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുഡിഎഫില്‍നിന്നു സമ്മര്‍ദം ഉണ്ടായാല്‍ പോലും സ്ഥാനാര്‍ഥിയെ മാറ്റുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് സജീവമാവാന്‍ ചാഴികാടനു നിര്‍ദേശം നല്‍കിയതെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. കെഎം  മാണി നിര്‍ബന്ധ ബുദ്ധിയോടെ പെരുമാറുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്കു പ്രസക്തിയൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com