തുഷാർ വെള്ളാപ്പള്ളി മൽസരിച്ചേക്കും ; അമിത് ഷായുമായി ഇന്ന് നിർണായക കൂടിക്കാഴ്ച

തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയിരുന്നു
തുഷാർ വെള്ളാപ്പള്ളി മൽസരിച്ചേക്കും ; അമിത് ഷായുമായി ഇന്ന് നിർണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചേക്കും. തുഷാർ വെള്ളാപ്പള്ളി ഇന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. തുഷാർ മൽസര സന്നദ്ധനായാൽ തൃശൂർ സീറ്റ് നൽകിയേക്കും. 

തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയിരുന്നു. 
തുഷാര്‍ മത്സരിക്കുന്നത് തെരഞ്ഞടുപ്പില്‍ ഗുണകരമാകുമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. 
ബിജെപി സംസ്ഥാന നേതൃത്വവും തുഷാർ മൽസരരം​ഗത്ത് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മാറുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. 

നേരത്തെ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, എസ്എന്‍ഡിപി ഭാരവാഹിയായതിനാല്‍ സംഘടനയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു തുഷാറിന്റെ മറുപടി. സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാര്‍ട്ടിയില്‍ തുടര്‍ന്നാലേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകൂ എന്നും സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാമെന്നും തുഷാര്‍ അറിയിച്ചു. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമുദായ പദവികള്‍ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com