''നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും നേരത്തെ തോല്‍ക്കുകയും ചെയ്യുകയാണ് അവരുടെ പതിവ്'' ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്നു കരുതുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രണ്ടു ദിവസം ഡല്‍ഹിയില്‍ ഇല്ലാത്തതുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. പതിനഞ്ചു വൈകിട്ടു തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എല്‍ഡിഎഫ് ഇതിനകം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ എന്നും അങ്ങനെയാണെന്ന് ചെന്നിത്തല പറഞ്ഞു. ''അവര്‍ നേരത്തെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും നേരത്തെ തന്നെ തോല്‍ക്കുകയും ചെയ്യും'' -ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത് ശക്തരായ സ്ഥാനാര്‍ഥികളാണ് എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. അതുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ വേണമെന്ന ചര്‍ച്ചയൊന്നും കോണ്‍ഗ്രസ് നടത്തുന്നില്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ ആലോചന നടത്തി ഉചിതമായ തീരുമാനമെടുക്കും. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ മത്സരിക്കും. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാത്തതുകൊണ്ട് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥ കോണ്‍ഗ്രസിനില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. അത് അവര്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 

ശബരിമല വിഷയം പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ പറഞ്ഞത് ഏതു ചട്ടപ്രകാരമാണെന്ന് അറിയില്ല. കേരളത്തിലെ വലിയ ക്രമസമാധാന പ്രശ്‌നമാണ് അത്. അതു ചര്‍ച്ച ചെയ്യരുതെന്ന് എങ്ങനെ പറയാനാവും. ശബരിമല വിഷയം സ്വാഭാവികമായും ചര്‍ച്ചയാവും. നാളെ തെരഞ്ഞെടുപ്പു കമ്മിഷന്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ യുഡിഎഫ് ഇക്കാര്യം ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com