പാലക്കാട് ഷാഫി പറമ്പില്‍, ആലത്തൂരില്‍ രമ്യ, ചാലക്കുടിയില്‍ പിസി ചാക്കോ.. കോണ്‍ഗ്രസിലെ പുതുക്കിയ സാധ്യത പട്ടിക പുറത്ത്

ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല
പാലക്കാട് ഷാഫി പറമ്പില്‍, ആലത്തൂരില്‍ രമ്യ, ചാലക്കുടിയില്‍ പിസി ചാക്കോ.. കോണ്‍ഗ്രസിലെ പുതുക്കിയ സാധ്യത പട്ടിക പുറത്ത്

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസില്‍ ചൂടേറി. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. അതിനിടെ സ്‌ക്രീനിങ് കമ്മിറ്റി പരിഗണിച്ച പുതുക്കിയ സാധ്യത പട്ടികയിലെ വിവരങ്ങള്‍ പുറത്തുവന്നു. 

സാധ്യതാ പട്ടിക അനുസരിച്ച് ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് ( ആലപ്പുഴയും പരിഗണനയില്‍), പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേരാണ് ലിസ്റ്റിലുള്ളത്. ഉമ്മന്‍ചാണ്ടി മല്‍സരിച്ചാല്‍ ആന്റോയെ മാറ്റാനും സാധ്യതയുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ( വയനാട്ടിലും പരിഗണിക്കുന്നു), ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി, ഡീന്‍ കുര്യാക്കോസ്, ജോസഫ് വാഴക്കന്‍ എന്നിവരും ലിസ്റ്റിലുണ്ട്. 

എറണാകുളത്ത് കെവി തോമസ്, ഹൈബി ഈഡന്‍ എന്നിവരും തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, കെപി ധനപാലന്‍, ജോസ് വള്ളൂര്‍ എന്നിവരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ പിസി ചാക്കോ, ബെന്നി ബഹനാന്‍ എന്നിവരുടെ പേരാണ് ലിസ്റ്റിലുള്ളത്.

ആലത്തൂരില്‍ മുന്‍മന്ത്രി എപി അനില്‍കുമാര്‍, രമ്യ ഹരിദാസ് എന്നിവരും പാലക്കാട് ഷാഫി പറമ്പിലും പട്ടികയില്‍ ഇടംനേടി. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ധിഖ് എന്നിവരും, കണ്ണൂര്‍ കെ സുധാകരന്‍, വയനാട് ഷാനിമോള്‍, ടി സിദ്ധിഖ് എന്നിവരും കാസര്‍കോട് ബി സുബ്ബയ്യ റായ് എന്നിവരുമാണ് പുതിയ പട്ടികയിലുള്ളത്. 

എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, മുകുൾ വാസ്‌നിക്, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.ജെ. കുര്യൻ, പി.സി. ചാക്കോ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, പി.സി. വിഷ്ണുനാഥ്, എ. ശ്രീനിവാസ് കൃഷ്ണൻ, ബെന്നി ബെഹനാൻ എന്നിവരാണ് ഡൽഹിയിലെ ചർച്ചകളിൽ പങ്കാളികളായത്.

13-നും 14-നും അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലുള്ളതിനാൽ അവിടെയാവും ഇനി ചർച്ച. 15-ന് വീണ്ടും ഡൽഹിയിൽ തുടർചർച്ചയ്ക്കുശേഷം വൈകീട്ട് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാനാണിപ്പോൾ ആലോചന. തർക്കം തുടരുകയാണെങ്കിൽ അന്തിമപ്രഖ്യാപനം 16-നായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com