പ്രചാരണം: ഹോര്‍ഡിങ്ങുകള്‍ വയ്ക്കാന്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണം, പൊതു സ്ഥലത്തെ യോഗ അറിയിപ്പുകള്‍ എടുത്തു മാറ്റണം

പ്രചാരണം: ഹോര്‍ഡിങ്ങുകള്‍ വയ്ക്കാന്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണം, പൊതു സ്ഥലത്തെ യോഗ അറിയിപ്പുകള്‍ എടുത്തു മാറ്റണം

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് ജില്ലയിലെ അസി.റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ബോധവല്‍കരണം നല്‍കുകയായിരുന്നു അദ്ദേഹം.  സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ സ്ഥാപിക്കുന്നതിനും ആ  വ്യക്തിയുടെ സമ്മതത്തിനു പുറമേ  ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപത്തില്‍നിന്നും അനുമതി നേടണം.  

പൊതുസ്ഥലങ്ങളില്‍ യോഗം ചേരുന്നതിനോടനുബന്ധിച്ച് ഫ്‌ലക്‌സ്, പതാക, പോസ്റ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അവ യോഗം ചേരുന്നതിനു തൊട്ടുമുമ്പു മാത്രം സ്ഥാപിക്കുകയും ശേഷം എടുത്തു മാറ്റുകയും ചെയ്യണം.  പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളില്‍ ലീസിനോ വാടകയ്‌ക്കോ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.

പോസ്റ്റര്‍/ബാനര്‍/ ഹോര്‍ഡിങ്ങില്‍ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങളുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവിലും രാഷ്ട്രീയപാര്‍ട്ടിയുടെ വിവരമാണെങ്കില്‍ ആ പാര്‍ട്ടിയുടെ ചെലവിലും പ്രചരണത്തുക വകയിരുത്തും.  

വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കാനുള്ള സന്ദേശം കളക്ടറേറ്റിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍  ആന്റ് മോണിറ്ററിങ് കമ്മറ്റി (എംസിഎംസി) മുമ്പാകെ സമര്‍പ്പിച്ച് പ്രചരണാനുമതി നേടിയ ശേഷമേ പോസ്റ്റ് ചെയ്യാവൂ. ഇത്തരം സന്ദേശങ്ങളില്‍ മതപരമോ സാമൂഹ്യപരമോ ആയ ഭിന്നതകളുണ്ടായേക്കാവുന്ന പരാമര്‍ശങ്ങളില്ലെന്നുറപ്പു വരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചു.  സന്ദേശത്തിലെ ഉള്ളടക്കത്തിനനുസരിച്ച് പാര്‍ട്ടി ചിലവിലോ സ്ഥാനാര്‍ത്ഥിയുടെ ചെലവിലോ തുക വകയിരുത്തും.  വിതരണം ചെയ്യുന്ന  ലഘുലേഖകളില്‍ പ്രിന്ററുടെ പേര് നല്‍കണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com