മത്സരിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിട്ടില്ല; മണ്ഡലമാറ്റ സൂചന നല്‍കി മുല്ലപ്പള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
മത്സരിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിട്ടില്ല; മണ്ഡലമാറ്റ സൂചന നല്‍കി മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയില്‍ മത്സരിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളതെന്ന് മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു പിന്നാലെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സരിക്കില്ലെന്ന വ്യവസ്ഥയിലാണ് കെപിസിസി അധ്യക്ഷപദം ഏറ്റെടുത്തത്. ഈ തെരഞ്ഞെടുപ്പു ഗൗരവത്തോടെ സമീപിക്കേണ്ട സുപ്രധാനമായ ഒന്നാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കെപിസിസി അധ്യക്ഷന്റേത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആ പദവിയില്‍ ഇരിക്കുന്നയാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാവില്ല. എല്ലാ മണ്ഡലത്തിലും തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് 15ാം തിയതി വരെ കാത്തിരിക്കാനായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അദ്ദേഹം എവിടെയും മത്സരിക്കില്ല എന്ന് അതിനു വ്യാഖ്യാനം ചമയ്‌ക്കേണ്ടതില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാവുമെന്നു കരുതുന്നില്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കെഎം മാണി, പിജെ ജോസഫ്, ജോസ് കെ മാണി എന്നിവരുമായി സംസാരിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നത്തില്‍ ആവശ്യം വന്നാല്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

സിപിഎമ്മില്‍ നേതൃദാരിദ്ര്യമാണെന്നാണ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു വ്യക്തമാവുന്നത്. എംഎല്‍എമാരെ കൂട്ടത്തോടെ മത്സരിപ്പിക്കുകയാണ്. കൊലക്കേസ് പ്രതിയാണ് അവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ സിപിഎം പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com