സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനും അതൃപ്തി ?; കോട്ടയം ഡിസിസി യോഗം മാറ്റിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് യോഗം വിളിക്കാനാണ് മാറ്റിയതെന്നാണ് ഡിസിസിയുടെ വിശദീകരണം
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനും അതൃപ്തി ?; കോട്ടയം ഡിസിസി യോഗം മാറ്റിവെച്ചു

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നു ചേരാനിരുന്ന യോഗം മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരുന്നത്. കേരള കോണ്‍ഗ്രസില്‍ പിജെ ജോസഫും മാണി വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന. 

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയും കണത്തിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഡിഎഫ് യോഗം വിളിക്കാനാണ് മാറ്റിയതെന്നാണ് ഡിസിസിയുടെ വിശദീകരണം.

കോട്ടയത്ത് ജയസാധ്യതയുള്ള പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ തോമസ് ചാഴിക്കാടനെയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. കെ എം മാണി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

കോട്ടയത്ത് മല്‍സരിക്കാനായി പിജെ ജോസഫ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ മാണി വിഭാഗം ഈ നീക്കത്തെ വെട്ടുകയായിരുന്നു. മാണിയുടെ തീരുമാനത്തില്‍ ജോസഫ് കടുത്ത അതൃപ്തിയിലാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍  കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് പോകുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com