'ഇപ്പോള്‍ വെറും ഇന്നസെന്റല്ല, സഖാവ് ഇന്നസെന്റ്; ആഗ്രഹിച്ചത് ചുറ്റിക അരിവാള്‍ നക്ഷത്രത്തിന്'

ഇപ്പോള്‍ വെറും ഇന്നസെന്റല്ല സഖാവ് ഇന്നസെന്റ്. ആദ്യം മത്സരിച്ചപ്പോള്‍ കുടയായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം
'ഇപ്പോള്‍ വെറും ഇന്നസെന്റല്ല, സഖാവ് ഇന്നസെന്റ്; ആഗ്രഹിച്ചത് ചുറ്റിക അരിവാള്‍ നക്ഷത്രത്തിന്'

അങ്കമാലി: ഇപ്പോള്‍ വെറും ഇന്നസെന്റല്ല. സഖാവ് ഇന്നസെന്റ്. ആദ്യം മത്സരിച്ചപ്പോള്‍ കുടയായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം. ഒരു ടേം എംപിയായി പൂര്‍ത്തിയാക്കിയതിന്റെ അനുഭവപരിചയത്തിന്റെ ബലത്തിലായിരുന്നു ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനിലെ സംസാരം. 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു സിനിമ നടന്‍ എന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇത്തവണ 1750 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ കൊണ്ടു വരാനായത് അഭിമാനത്തോടെ പറയാനുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ഇന്ത്യക്കാരനെന്നു തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട അവസ്ഥയാണ് നാട്ടിലെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ കൃഷിയും വ്യവസായവും തകര്‍ന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. ചെറുകിടക്കാര്‍ കടക്കെണിയിലായെന്നും മന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കൊണ്ടു വരുന്ന ആര്‍സിപി കരാര്‍ വഴി രാജ്യത്തെ പാലുത്പാദനം തകരും. പാല്‍പൊടി ഇറക്കുമതി ചെയ്തു പാലാക്കി വില്‍ക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നിലവില്‍ റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന സ്ഥിതിയിലേക്ക് മറ്റു കാര്‍ഷിക മേഖലകളും എത്തുമെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

മോദി ഭരണം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് അജണ്ടയാണ് മോദി നടപ്പാക്കുന്നത്. ജനങ്ങളെ ഛിന്നഭിന്നമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. വര്‍ഗീയധ്രുവികരണവും സമ്പത്തിന്റെ കേന്ദ്രീകരണവും മോദി സര്‍ക്കാരിന്റെ കീഴില്‍ ശക്തമായി നടക്കുന്നു. കോണ്‍ഗ്രസ് തുടങ്ങിയ നയങ്ങളാണ് ബിജെപി അതിശക്തമായി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഈ തെരെഞ്ഞെടുപ്പില്‍ വിഷയമാക്കണമെന്ന് സുനില്‍ കുമാര്‍ആവശ്യപ്പെട്ടു. പ്രളയത്തില്‍ ദുരിതമനുഭവിച്ച കേരളത്തിലെ ജനങ്ങളെ മുക്കികൊല്ലാണ് കേന്ദ്രം ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തു തോല്‍പിക്കുന്ന ബദല്‍ വികസനം നടപ്പാക്കുന്ന കേരള സര്‍ക്കാരിനെ ലോകം ഉറ്റു നോക്കുകയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. കേരളത്തില്‍ മാത്രം കര്‍ഷകന് 19000കോടിയുടെ നഷ്ടം ഉണ്ടായിട്ടും കേന്ദ്രം ചില്ലിക്കാശ് നല്‍കിയില്ലെന്നും മന്ത്രി വിമര്‍ശിച്ചു. മരണത്തെ നര്‍മംകൊണ്ട് തോല്‍പിച്ചയാളാണ് ഇന്നസെന്റ് എന്നും സുനില്‍കുമാര്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്തുണയ്ക്കുന്ന കേന്ദ്രസര്‍ക്കാരാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മന്ത്രി എംഎം മണി പറഞ്ഞു. 2004 ലേതു പോലെ മികച്ച സര്‍ക്കാരായിരിക്കും അതെന്നും മണി. ആ സര്‍ക്കാരിന്റെ കാലത്താണ് വിവരാവകശ നിയമവും, തൊഴിലുറപ്പ് പദ്ധതിയും വനാവകാകശ നിയമവും കാര്‍ഷിക കടം എഴുതിത്തള്ളിയതും നടന്നെതെന്ന് ഓര്‍ക്കണമെന്നും മണി.ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം പുലരാനും സ്ത്രീപുരുഷ സമത്വം ഉറപ്പാക്കാനും മോദി സര്‍ക്കാരിനെ പുറത്താക്കണെമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com