മത്സരിക്കണമെന്ന് അതിയായ മോഹമുണ്ട്; സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിസാര്‍ മുന്‍കൈ എടുക്കണം; ജോസഫുമായി ഇന്ന് ചര്‍ച്ച

ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി പിളരില്ല. ഞാന്‍ യുഡിഎഫില്‍ ഉറച്ചുനില്‍ക്കും, സംശയമില്ല. യുഡിഎഫിലെ ഭൂരിഭാഗം നേതാക്കളും എന്നോടൊപ്പമാണ്, എന്നെ അനുകൂലിക്കുന്നവരുമാണ്
മത്സരിക്കണമെന്ന് അതിയായ മോഹമുണ്ട്; സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിസാര്‍ മുന്‍കൈ എടുക്കണം; ജോസഫുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: കോട്ടയം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട പിജെ ജോസഫ് ഇന്നു തിരുവനന്തപുരത്തു കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും അദ്ദേഹം കാണും. ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി ഉമ്മന്‍ചാണ്ടിയുടെ നീക്കം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, തീരുമാനം മാറ്റില്ലെന്ന നിലപാടിലാണു മാണി വിഭാഗം. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പ്രചാരണം ആരംഭിച്ചു. ഇന്നലെ മാണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു തോമസ് ചാഴികാടന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് അമര്‍ഷത്തിലാണ്. വിട്ടുവീഴ്ച ചെയ്ത് കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നീങ്ങിയേ തീരൂവെന്ന കര്‍ശന നിലപാടിലാണു പാര്‍ട്ടി.

കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഏതാനും പേരുമാണ് എന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചത്. ജോസ് കെ മാണിക്കൊപ്പം സ്ഥാനാര്‍ഥിത്വം തട്ടിത്തെറിപ്പിച്ച ചിലരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. എനിക്കു സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റായ നടപടി തന്നെയാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും എന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നു. മറ്റൊരു സ്ഥാനാര്‍ഥിയുടെ പേരും യോഗങ്ങളില്‍ ഉയര്‍ന്നില്ല. പക്ഷേ, ചിലര്‍ ഇടങ്കോലിട്ടു. രാജ്യസഭാ സീറ്റ് പാര്‍ട്ടി വൈസ് ചെയര്‍മാനായ ജോസ് കെ മാണിക്കു നല്‍കിയതും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാനപ്രകാരമായിരുന്നുവെന്ന് ഓര്‍ക്കണം. ഈ വ്യവസ്ഥ വര്‍ക്കിങ് ചെയര്‍മാനായ എനിക്കും ബാധകമാണെന്ന് പിജെ ജോസഫ് പറഞ്ഞു. 

ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി പിളരില്ല. ഞാന്‍ യുഡിഎഫില്‍ ഉറച്ചുനില്‍ക്കും, സംശയമില്ല. യുഡിഎഫിലെ ഭൂരിഭാഗം നേതാക്കളും എന്നോടൊപ്പമാണ്, എന്നെ അനുകൂലിക്കുന്നവരുമാണ്. കേരള കോണ്‍ഗ്രസി (എം) ന്റെ വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ എന്നെ വിജയിപ്പിക്കാന്‍ ഇവര്‍ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതു കണക്കിലെടുത്ത്, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാന്‍ മാണിസാര്‍ പുതിയൊരു ഫോര്‍മുലയുമായി എത്തുമെന്നാണു പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ മാണിസാര്‍ മുന്‍കൈ എടുക്കണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയ്ക്ക് അതു പറയാന്‍ എനിക്ക് അവകാശവുമുണ്ടെന്ന് ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് ഇടപെട്ട് സീറ്റ് വാങ്ങിത്തരണമെന്ന ആവശ്യത്തിലാണു ജോസഫ്. ഇടുക്കിയിലോ കോട്ടയത്തോ അദ്ദേഹം നിന്നാല്‍ വിജയം ഉറപ്പെന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു താനും. എന്നാല്‍, പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ ഇനി മാറ്റാന്‍ കഴിയുമോ എന്ന സന്ദേഹം പാര്‍ട്ടിക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com