പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാൻ രാഹുൽ ഇന്ന് കോഴിക്കോട്ട്, 'ജനമഹാറാലി'; പെരിയയിലെ വീടുകളും സന്ദർശിക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 14th March 2019 07:13 AM |
Last Updated: 14th March 2019 07:13 AM | A+A A- |
കോഴിക്കോട്: സംസ്ഥാനത്തെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ പ്രഖ്യാപനം വൈകുകയാണ്. അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിലെ പോരും വലിയ പ്രതിസന്ധിയായി തുടന്നു. ഇതിനൊക്കെ ഇടയിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി എത്തുന്നത്.
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യർത്ഥന നടത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും വേദിയിലുണ്ടാകും.
രാവിലെ തൃശൂര്‍ തൃപ്രയാറില്‍ നടക്കുന്ന ഫിഷർമാൻ പാർലമെന്‍റിൽ രാഹുൽ പങ്കെടുക്കും. തുടർന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്‍റെ കുടുംബാംഗങ്ങളെ കാണും. ഒരു മണിയോടെ പെരിയയിലേക്ക് പുറപ്പെടുന്ന രാഹുല്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിക്കും. തുടര്‍ന്ന് നാലരയോടെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജനമാഹാറാലിയില്‍ പങ്കെടുക്കും.
സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയേക്കും. കോണ്‍ഗ്രസിന്‍റെയും മറ്റ് കക്ഷികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.