എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇടി മുഹമ്മദ് ബഷീര്‍

ഹോട്ടലില്‍ എത്തിയപ്പോള്‍ അവിചാരിതമായാണ് എസ്ഡിപിഐ നേതാക്കളെ കണ്ടുമുട്ടിയത്. പൊതുവിടത്തില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാദം ആരും വിശ്വസിക്കില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍
എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: എസ്ഡിപിഐ നേതൃത്വവുമായി മുസ്ലീം ലീഗ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി നേതാവ് ഇടി മുഹമ്മദ് ബഷീര്‍. ഹോട്ടലില്‍ എത്തിയപ്പോള്‍ അവിചാരിതമായാണ് എസ്ഡിപിഐ നേതാക്കളെ കണ്ടുമുട്ടിയത്. പൊതുവിടത്തില്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാദം ആരും വിശ്വസിക്കില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു  എസ്ഡിപിഐ -മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പികെ കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ പ്രതിനിധീകരിച്ചെത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നാണ് സൂചന. കൂടിക്കാഴ്ച നടത്തിയതായി എസ്ഡിപിഐ നേതാക്കള്‍ സ്ഥീരികരിച്ചിരുന്നു. മലപ്പുറത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും പൊന്നാനിയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകനായ കെസി നസീറാണ് പൊന്നാനിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി. 

കോണ്‍ഗ്രസ് നേതാവ് എംഎന്‍ കുഞ്ഞഹമ്മദാജി കഴിഞ്ഞ ദിവസം പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറുമായി ചര്‍ച്ച നടത്തിയത് യുഡിഎഫിനുള്ളില്‍ വിവാദത്തിനിടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com