ഗര്‍ഭിണി മരിച്ചു, ചികിത്സാ പിഴവെന്ന് പരാതി; ആശുപത്രിയില്‍ സംഘര്‍ഷം 

അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് യുവതി മരിച്ചതായി പരാതി
ഗര്‍ഭിണി മരിച്ചു, ചികിത്സാ പിഴവെന്ന് പരാതി; ആശുപത്രിയില്‍ സംഘര്‍ഷം 

തിരുവനന്തപുരം: അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ മുപ്പത്തിയൊന്നുകാരിയാണ് പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

നെസിയാബീവിയെ തിങ്കളാഴ്ചയാണ് സ്‌കാനിങിനായി ആശുപത്രിയിലെത്തിച്ചത്. ഏപ്രിലില്‍ ആറിനായിരുന്നു പ്രസവത്തീയതിയെങ്കിലും ഡോക്ടര്‍മാര്‍ പെട്ടെന്നുതന്നെ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ നെസിയയെ രാവിലെ റൂമിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് മരണവും സംഭവിച്ചു. 

മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം നിരാകരിച്ചതായും മരണവിവരം മണിക്കൂറുകളോളം മറച്ചു വച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.ഇതിനിടെ നൂറു കണക്കിന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥയായി. ലേബര്‍ റൂമിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാലാമത്തെ പ്രസവമായിരുന്നു നെസിയാ ബീവിയുടേത് . യുവതിക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പ്രസവത്തെത്തുടര്‍ന്ന് നില വഷളാവുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com