ഞെട്ടിയത് ബിജെപി സംസ്ഥാന നേതൃത്വം; വടക്കന്റെ വരവ് ശ്രീധരന്‍ പിള്ള അറിയാതെ, സ്ഥാനാര്‍ഥി പട്ടിക മാറിമറിയും

ഞെട്ടിയത് ബിജെപി സംസ്ഥാന നേതൃത്വം; വടക്കന്റെ വരവ് ശ്രീധരന്‍ പിള്ള അറിയാതെ, സ്ഥാനാര്‍ഥി പട്ടിക മാറിമറിയും
ഞെട്ടിയത് ബിജെപി സംസ്ഥാന നേതൃത്വം; വടക്കന്റെ വരവ് ശ്രീധരന്‍ പിള്ള അറിയാതെ, സ്ഥാനാര്‍ഥി പട്ടിക മാറിമറിയും

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പോലും അറിയാതെ. കഴിഞ്ഞ കുറച്ചു ദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് വടക്കന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ബിജെപിയില്‍ ചേര്‍ന്നത്. കേരളത്തില്‍ ഇതൊരു തുടക്കമാണെന്നും കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ എത്തുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചെങ്കിലും വടക്കന്റെ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ശ്രീധരന്‍ പിള്ള നാളെ ഡല്‍ഹിയില്‍ എത്താനിരിക്കെയാണ്, കേന്ദ്ര നേതൃത്വം ഇന്ന് വടക്കന്റെ വരവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇങ്ങനെയൊരു സംഭവ വികാസത്തെക്കുറിച്ച് അറിവു ലഭിച്ചിരുന്നെങ്കില്‍ പിള്ള ഇന്നു ഡല്‍ഹിയില്‍ എത്തേണ്ടതല്ലേയെന്നാണ് ബിജെപി നേതാക്കള്‍ തന്നെ ഉയര്‍ത്തുന്ന ചോദ്യം. സംസ്ഥാന ബിജെപി നേതാക്കളില്‍ പലരും അമ്പരപ്പോടെയാണ് വടക്കന്‍ പാര്‍ട്ടിയില്‍ എ്ത്തിയ വിവരം അറിഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെയുള്ള വടക്കന്റെ വരവ് എന്തു മാറ്റമാണുണ്ടാക്കുക എന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

നേരത്തെ കോണ്‍ഗ്രസില്‍ തൃശൂര്‍ സീറ്റിനായി ടോം വടക്കന്‍ നടത്തിയ നീക്കങ്ങള്‍ പരസ്യമായിരുന്നു. അതിരൂപത അദ്ദേഹത്തിനായി രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തില്‍ തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ നീക്കുപോക്കുകള്‍ക്കു സാധ്യതയുണ്ടെന്നാണ് സൂചനകള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെങ്കില്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുഷാര്‍ മത്സര രംഗത്തുണ്ടാവില്ലെന്നാണ് അറിയുന്നത്. തൃശൂര്‍ ഇല്ലെങ്കില്‍ ചാലക്കുടിയായിരിക്കും ബിഡിജെഎസിന് നല്‍കുന്ന സീറ്റ്. ഇത് അവിടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചവരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com