പെരിയ ഇരട്ടക്കൊലപാതകം: ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കും

കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
പെരിയ ഇരട്ടക്കൊലപാതകം: ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രാഹുല്‍ ഗാന്ധി; കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കും

കാസര്‍കോട്:  കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ കല്ല്യോട്ട് എത്തിയത്. ആദ്യമെത്തിയത് കൃപേഷിന്റെ വീട്ടിലാണ്. 

കൃപേഷിന്റെ വീട്ടിലെത്തിയ രാഹുല്‍, മാധ്യമങ്ങളെ പുറത്തുനിര്‍ത്തിയാണ് മാതാപിതാക്കളെ കണ്ടത്. ശേഷം കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കുന്ന വീടും അദ്ദേഹം സന്ദര്‍ശിച്ചു. 

ഇരകളുടെ കുടുംബത്തിന് ഉറപ്പായും നീതി ലഭിക്കും. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
രാഹുല്‍ ഗാന്ധി വീട് സന്ദര്‍ശിച്ചതില്‍ ആശ്വാസമുണ്ട്. മരിച്ച മക്കള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റവുംവരെ പോകാന്‍ തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞുവെന്ന് കൃപേഷിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

തുടര്‍ന്ന് ഇരുവരെയും സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിച്ച രാഹുല്‍ പിന്നീട് ശരത് ലാലിന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ രാഹുല്‍ ശരത് ലാലിന്റെ മാതാപിതാക്കളുമായി സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രണ്ട് വീടുകളിലുമായി രാഹുല്‍ ഗാന്ധിയെ കാണാന്‍ തടിച്ചുകൂടിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എന്നിവരും രാഹുലിനെ അനുഗമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com