പെരിയ ഇരട്ടക്കൊലയില്‍ പൊലീസിന് തിരിച്ചടി; ആദ്യം കണ്ടെത്തിയ ആയുധങ്ങൾ 'ഡമ്മി’ ; മാരക മുറിവുകളുണ്ടാക്കാൻ കഴിയുന്നതല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്
പെരിയ ഇരട്ടക്കൊലയില്‍ പൊലീസിന് തിരിച്ചടി; ആദ്യം കണ്ടെത്തിയ ആയുധങ്ങൾ 'ഡമ്മി’ ; മാരക മുറിവുകളുണ്ടാക്കാൻ കഴിയുന്നതല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

കാസർകോട് : കാസർകോട് പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് വൻ തിരിച്ചടി. കേസിൽ ആദ്യം കണ്ടെത്തിയ ആയുധങ്ങൾ ഡമ്മിയാണെന്ന് കണ്ടെത്തി. അന്വേഷണസംഘം ആദ്യം കണ്ടെത്തിയ ആയുധങ്ങളുപയോഗിച്ചല്ല കൊലപാതകം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കി. 

മുഖ്യപ്രതി പീതാംബരനുമായി നടത്തിയ തെളിവെടുപ്പിനിടെ കല്ല്യോട്ടെ റബർ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ നിന്നാണ് ഇരുമ്പുദണ്ഡുകളും, തുരുമ്പിച്ച പിടിയില്ലാത്ത ഒരു വടിവാളും പൊലീസ് കണ്ടെത്തിയത്.  ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ല പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് വിദഗ്ദ്ധ പരിശോധനക്ക് ശേഷം  ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിനെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍‍ കണ്ടതു പോലുള്ള മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ ഈ ആയുധങ്ങള്‍ മതിയാകില്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ അഭിപ്രായം.

എന്നാല്‍ രണ്ടാം ഘട്ട തെളിവെടുപ്പിനിടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രതികള്‍ നടത്തിയ നീക്കമാണ്‌ മൊഴികളിലും വ്യാജആയുധങ്ങള്‍ കണ്ടെടുക്കുന്നതിലേക്കും നയിച്ചതെന്ന ആക്ഷേപം ശരിവക്കുന്നതാണ്‌ ഫോറൻസിക് റിപ്പോര്‍ട്ട്‌. 

പൊട്ടക്കിണറ്റിൽ നിന്നും തുരുമ്പെടുത്ത  ആയുധങ്ങള്‍ കണ്ടെത്തിയതു മുതല്‍ ഇതിന്റെ ആധികാരികത സംബന്ധിച്ച് ആക്ഷേപങ്ങളും വ്യാപകമായിരുന്നു. ഒരു സിപിഎം പ്രവർത്തകൻ പൊട്ടക്കിണറ്റിൽ വ്യാജ ആയുധങ്ങൾ ഇടുകയായിരുന്നു. പിന്നീട് ഇത് പൊലീസിനെക്കൊണ്ട് എടുപ്പിക്കുകയായിരുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. ആദ്യം കണ്ടെത്തിയ ആയുധങ്ങളില്‍ രക്‌തക്കറ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതിലും ദുരൂഹത നില നില്‍ക്കുകയാണ്‌.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com