ശ്രീധരൻപിള്ള നൽകിയത് 'പരിശീലന പട്ടിക' ; സിപിഎമ്മിന് ഇവിടെ  മാത്രം നോക്കിയാൽ മതിയല്ലോ : ബിജെപി കേന്ദ്രനേതൃത്വം

സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ ശ്രീധരൻപിള്ള പരിശീലിച്ച പട്ടികയാണത്. അത് അന്തിമമല്ല
ശ്രീധരൻപിള്ള നൽകിയത് 'പരിശീലന പട്ടിക' ; സിപിഎമ്മിന് ഇവിടെ  മാത്രം നോക്കിയാൽ മതിയല്ലോ : ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് സമിതി ചേരുന്നതിന് മുമ്പ് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള സ്ഥാനാർത്ഥികളുടെ സാധ്യതപട്ടിക കൈമാറിയത് ബിജെപി കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവാണ് ഇക്കാര്യം അറിയിച്ചത്. 

‘പരീക്ഷയ്ക്കു മുൻപു പരിശീലനം പതിവല്ലേ? സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ ശ്രീധരൻപിള്ള പരിശീലിച്ച പട്ടികയാണത്. അത് അന്തിമമല്ല. പക്ഷേ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്കു പ്രാധാന്യമുണ്ട്.’ മുരളീധരറാവു പറഞ്ഞു. 

രാജ്യത്ത് ഒരിടത്തും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ മാത്രമെന്തിനാണു തിടുക്കം? പ്രധാനമന്ത്രി എവിടെ മത്സരിക്കണമെന്നു പോലും തീരുമാനിച്ചിട്ടില്ലെന്നും, ബിജെപി സ്ഥാനാർത്ഥി പട്ടിക വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് റാവു പ്രതികരിച്ചു. 

ഒരിടത്തു മത്സരിക്കാൻ കഴിവുള്ള ഒന്നിലേറെ പേർ അവകാശമുന്നയിക്കുന്നതിനെ പോസിറ്റീവായി കാണണം.  അതിനെ നിങ്ങൾ ഭിന്നിപ്പായാണ് കാണുന്നത്. ഞങ്ങളതിനെ പാർട്ടിക്കുള്ളിലെ സൗഹൃദ മത്സരമെന്ന് മാത്രമാണ് വിലയിരുത്തുന്നത്. ഏറെ ജനാധിപത്യമുള്ള പാർട്ടിയാണു ബിജെപിയെന്നും മുരളീധരറാവു പറ‍ഞ്ഞു. 

സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രം​ഗത്ത് സജീവമായല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, സിപിഎമ്മിന് അതാകാം, അവർക്ക് ഒരു ചെറിയ പ്രദേശത്തെ കാര്യങ്ങൾ നോക്കിയാൽ മതിയല്ലോ എന്നായിരുന്നു മുരളീധരറാവുവിന്റെ പ്രതികരണം. 

ശബരിമല വിഷയത്തിൽ ബിജെപി യു-ടേൺ എടുത്തിട്ടില്ല. ജനങ്ങളുടെ യഥാർഥ വികാരം മനസ്സിലാക്കിയതോടെയാണ് ബിജെപി ജനപക്ഷത്തായത്. യു–ടേണല്ല, ശരിയായ ടേൺ ആണ്. വോട്ടെടുപ്പിൽ അതു പ്രതിഫലിക്കും. കേരള കോൺ​ഗ്രസിലെ വിവാദം സൂചിപ്പിച്ച്,  ക്രിസ്തീയ പശ്ചാത്തലമുള്ള പാർട്ടികളുമായി ഒന്നിക്കുന്നതിനു തടസ്സമില്ല. രാജ്യത്തു മറ്റിടങ്ങളിൽ അത്തരം പാർട്ടികളുമായി  സഹകരിക്കുന്നുണ്ടെന്നും മുരളീധര റാവു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com