സ്ഥാനാർഥി പട്ടികയിൽ ധാരണ അനിവാര്യം, അനിശ്ചിതത്വം നീട്ടണ്ട; കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തോട് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടാക്കിയ ശേഷം ഡൽഹിയിലെത്താൻ സംസ്ഥാന നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം
സ്ഥാനാർഥി പട്ടികയിൽ ധാരണ അനിവാര്യം, അനിശ്ചിതത്വം നീട്ടണ്ട; കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തോട് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടാക്കിയ ശേഷം ഡൽഹിയിലെത്താൻ സംസ്ഥാന നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം. സ്ഥാനാർഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം നീട്ടിക്കൊണ്ടു പോകരുതെന്നും സംസ്ഥാന നേതൃത്വത്തിനോട് ദേശീയ നേത‌ൃത്വം ആവശ്യപ്പെട്ടു.  നാളെ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി പട്ടികയ്ക്കു രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിനിടയിൽ ധാരണ അനിവാര്യമാണെന്നു ദേശീയ നേതാക്കൾ ചൂണ്ടിക്കാട്ടി. 

എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മത്സരിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി.  ഇവർക്കു മേൽ ദേശീയ നേതൃത്വം സമ്മർദം ചെലുത്തില്ല.

വിജയ സാധ്യത മാത്രമാണു മാനദണ്ഡമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം ഉചിത തീരുമാനം സ്വീകരിക്കണമെന്നുമാണ് ഹൈക്കമാൻഡ് നിലപാട്. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമാകാത്ത മണ്ഡലങ്ങളിൽ രണ്ട് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷം സ്ക്രീനിങ് കമ്മിറ്റി യോഗത്തിനെത്താനാണു നിർദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവർ യോഗത്തിൽ പങ്കെടുക്കും.  

16നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. യോഗത്തിൽ മുതിർന്ന നേതാവ് എകെ ആന്റണിയും പങ്കെടുക്കും. ഇടതുപക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കോൺഗ്രസ് പട്ടിക വൈകുന്നതിൽ സിറ്റിങ് എംപിമാരിൽ പലർക്കും അമർഷമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com