സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു ; കണ്ടക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പി

വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു പെണ്‍കുട്ടിയും മാതാവും കയറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കണ്ടക്ടര്‍ കാര്‍ക്കിച്ച് തുപ്പിയതായി പരാതി. എറണാകുളം ജില്ലയിലെ പിറവത്താണ് സംഭവം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി കുടുംബക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. 

വൈറ്റില-സീതത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു പെണ്‍കുട്ടിയും മാതാവും കയറിയത്. പാലാ ഡിപ്പോയില്‍ നിന്നുള്ള ബസില്‍, മുളന്തുരുത്തി തുരുത്തിക്കരയില്‍ നിന്നാണ് രാത്രി എട്ടുമണിയോടെയാണ് പെണ്‍കുട്ടിയും അമ്മയും കയറിയത്. 

പിറവം മുല്ലൂര്‍പടിയില്‍ ബസ് നിര്‍ത്തണമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ല. സമയം വൈകിയതിനാല്‍ അടുത്ത സ്‌റ്റോപ്പായ നഗരസഭ ഓഫീസ് പടിയിലെങ്കിലും ബസ് നിര്‍ത്താന്‍ കുട്ടിയും അമ്മയും കേണപേക്ഷിച്ചിട്ടും, കണ്ടക്ടര്‍ കേട്ടഭാവം നടിച്ചില്ല.

ഇതോടെ പെണ്‍കുട്ടിയുടെയും മാതാവിന്റെയും ദയനീയാവസ്ഥ കണ്ട യാത്രക്കാര്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് 150 മീറ്ററോളം ദൂരെ മാറ്റി ബസ് നിര്‍ത്തിയത്. ബസില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കണ്ടക്ടര്‍ രണ്ടു തവണ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com