ടോം വടക്കന്‍ ശല്യക്കാരന്‍ ; കഴിഞ്ഞ ദിവസവും സീറ്റിനായി വിളിച്ചു;  മനപരിവര്‍ത്തനം അത്ഭുതകരമെന്ന് മുല്ലപ്പള്ളി

ഏതാനും ദിവസം മുമ്പു വരെ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ ടോം വടക്കന്‍, ഇപ്പോള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുകയാണ്
ടോം വടക്കന്‍ ശല്യക്കാരന്‍ ; കഴിഞ്ഞ ദിവസവും സീറ്റിനായി വിളിച്ചു;  മനപരിവര്‍ത്തനം അത്ഭുതകരമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് ടോം വടക്കന്‍ ശല്യക്കാരനായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ടാഴ്ചമുമ്പു വരെ അദ്ദേഹം എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ പേഴ്‌സണല്‍ സ്റ്റാഫ് ടോം വടക്കനെക്കൊണ്ട് വലിയ ശല്യമാണെന്ന് പറഞ്ഞിരുന്നു. 

തൃശൂര്‍ സീറ്റിന് വേണ്ടിയാണ് ടോം വടക്കന്‍ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത്. ഉറപ്പായും സീറ്റ് വാങ്ങിത്തരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിന് രണ്ട് മൂന്നു ദിവസത്തിനകം ഉണ്ടായ മനപരിവര്‍ത്തനം അത്ഭുതപ്പെടുത്തുന്നതാണ്.  ബൈബിളില്‍ പോലും ഇത്തരം മനപരിവര്‍ത്തനത്തെക്കുറിച്ച് പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. 

ഏതാനും ദിവസം മുമ്പു വരെ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ ടോം വടക്കന്‍, ഇപ്പോള്‍ പ്രധാനമന്ത്രിയെ പുകഴ്ത്തുകയാണ്. നരേന്ദ്രമോദിയുടെ ഗുണദോഷങ്ങള്‍ പലതും നമുക്കറിയാം. മോദിയുടെ പല കാര്യങ്ങളും ടോം വടക്കനാണ് തന്നോട് പറഞ്ഞ് തന്നിട്ടുള്ളത്. മോദിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനെക്കുറിച്ച്, അദ്ദേഹത്തിന്റെ അഴിമതിയെക്കുറിച്ച്, കുശാഗ ബുദ്ധിയെക്കുറിച്ച്, സൃഗാല സമീപനത്തെക്കുറിച്ചൊക്കെ പറഞ്ഞത് ടോം വടക്കനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

കോണ്‍ഗ്രസിന്റെ സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മൂന്നാം സീറ്റ് ആവശ്യപ്പെട്ട ലീഗിനോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ എംപിമാര്‍ കൂടുതലായി പാര്‍ലമെന്റിലെത്തേണ്ട ആവശ്യകത ലീഗിന് മനസ്സിലായി. സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 

വി എം സുധീരന്‍ മല്‍സരിക്കണമെന്നാണ് തന്‍രെ വ്യക്തിപരമായ താല്‍പ്പര്യം ഇക്കാര്യം അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനിക്കും. കെസി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിനാണ്. അതിനാല്‍ മല്‍സരരംഗത്ത് നിന്നും മാറി നില്‍ക്കുന്നുവെന്നാണ് വേണുഗോപാല്‍ അറിയിച്ചത്. എന്നാല്‍ കെ സി വേണുഗോപാല്‍ മല്‍സരിക്കണോ വേണ്ടയോ എന്ന് അന്തിമമായി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com