പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച  ; കെഎസ്ഇബി റിപ്പോര്‍ട്ട് 

നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ  അപകടം ഉണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി
പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച  ; കെഎസ്ഇബി റിപ്പോര്‍ട്ട് 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. സാമൂഹ്യ വിരുദ്ധര്‍ ഡാമിന്റെ ഒരു ഷട്ടര്‍ പൂര്‍ണമായും തുറന്നിരുന്നു. നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ  അപകടം ഉണ്ടാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക റിപ്പോര്‍ട്ട് കെഎസ്ഇബി കലക്ടര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും,  ജില്ലയിലെ മുഴുവന്‍ ഡാമുകളുടെയും സുരക്ഷാ പരിശോധന ഉറപ്പ് വരുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

മാര്‍ച്ച് 13 രാത്രിയിലായിരുന്നു പെരുന്തേനരുവി അണക്കെട്ടിന്റെ ഷട്ടര്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടത്. 20 മിനിട്ടിലധികം നേരം വെള്ളം നദിയിലൂടെ ഒഴുകിപ്പോയി. സമീപത്ത് കിടന്നിരുന്ന കടത്ത് വളളത്തിന്  സാമൂഹ്യ വിരുദ്ധര്‍ തീയിടുകയും ചെയ്തു. വള്ളം കത്തുന്നത് കണ്ട പ്രദേശവാസിയാണ്  ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. കെഎസ്ഇബിയുടെ പരാതിയെത്തുടര്‍ന്ന്  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

വരണ്ട് കിടക്കുന്ന നദിയിലൂടെ വെള്ളമൊഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഷട്ടര്‍ തുറന്നിട്ടുണ്ടാകാമെന്ന സംശയത്തിനിടയാക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി  ഷട്ടര്‍ അടയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പ്രളയത്തില്‍  പെരുന്തേനരുവി ജല പദ്ധതിയുടെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതിനാല്‍ വൈദ്യുതോത്പാദനം കുറച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com