രാഹുല്‍ തീരുമാനിച്ചു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെയറിയാം; നിര്‍ണായക യോഗം ഇന്ന്

കേരളത്തില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് നാളെ അംഗീകാരം നല്‍കും- കേരളത്തിലെത്തിയ രാഹുല്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും സൂചന
രാഹുല്‍ തീരുമാനിച്ചു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെയറിയാം; നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: കേരളത്തില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു ധാരണയായ ശേഷം പട്ടിക തെരഞ്ഞടുപ്പ് സമിതിക്ക് കൈമാറും. സമിതി നാളെ പട്ടികയ്ക്ക് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വമാണ് ചര്‍ച്ച നീളാന്‍ മുഖ്യകാരണം. സിറ്റിംഗ് എം.പിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പും തടസ്സമായി. രാഹുല്‍ ഗാന്ധിയുടേതായിരിക്കും അന്തിമ തീരുമാനം.മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണം എന്നതാണ് പൊതു വികാരം. പക്ഷെ വഴങ്ങാന്‍ നേതാക്കള്‍ തയ്യാറല്ല. കെ.സി വേണുഗോപാല്‍ മത്സരിക്കേണ്ട എന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിക്കാന്‍ ആണ് സാധ്യത. മല്‍സരിക്കാനില്ലെന്ന കര്‍ക്കശ നിലപാടില്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി സ്‌ക്രീനിംഗ് കമ്മറ്റിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ സമ്മതിച്ചേക്കും. 

ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ പത്തനംതിട്ട തെരഞ്ഞെടുത്താല്‍ ഇടുക്കി ആന്റോ ആന്റണിക്ക് ലഭിക്കും. സിറ്റിംഗ് എം.പിമാര്‍ക്കെതിരായ എതിര്‍പ്പാണ് മറ്റൊരു പ്രശ്‌നം . കെവി തോമസിനെ മത്സരിപ്പിക്കുന്നതിലായിരുന്നു ശക്തമായ എതിര്‍പ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം സീറ്റുകളുടെ കാര്യത്തില്‍ സ്‌ക്രീനിംഗ് കമ്മറ്റി തീരുമാനം എടുക്കാന്‍ ഇടയില്ല.

ബാക്കി മണ്ഡലങ്ങളുടെ കാര്യത്തിലെ അന്തിമ ധാരണക്കൊപ്പം തീരുമാനം രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിക്ക് വിടും. ബുധനാഴ്ച രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി അനോദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് സ്‌ക്രീനിംഗ് കമ്മറ്റി ചര്‍ച്ചകള്‍ സുഗമമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com