വെസ്റ്റ് നൈല്‍ ബാധ: കേന്ദ്ര ആരോഗ്യസംഘം ഇന്നെത്തും 

ആറു വയസ്സുകാരനില്‍ വെസ്റ്റ് നൈല്‍ വൈറസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ഇന്ന് മലപ്പുറത്തെത്തും
വെസ്റ്റ് നൈല്‍ ബാധ: കേന്ദ്ര ആരോഗ്യസംഘം ഇന്നെത്തും 

ന്യൂഡല്‍ഹി: ആറു വയസ്സുകാരനില്‍ വെസ്റ്റ് നൈല്‍ വൈറസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധ നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ഇന്ന് മലപ്പുറത്തെത്തും. വൈറസ് ബാധ കണ്ടെത്തിയ തിരൂരങ്ങാടി എആര്‍ നഗറില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍നിന്നുള്ള നാലംഗ സംഘം പരിശോധന നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, മന്ത്രി കെ.കെ.ശൈലജുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്കു ബുധനാഴ്ചയാണു രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം എആര്‍ നഗറിലും പരിസര പ്രദേശങ്ങളും ഇന്നലെ പരിശോധന നടത്തി. പ്രദേശത്ത് അടുത്തിടെ ഏതാനും കാക്കകള്‍ ചത്തൊടുങ്ങിയതായി പ്രദേശവാസികള്‍ സംഘത്തെ അറിയിച്ചിട്ടുണ്ട്. അവശനിലയില്‍ കണ്ടെത്തിയ കാക്കയെ പരിശോധനയ്ക്കായി ശേഖരിച്ചു. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 

കേരളത്തില്‍ ഇതാദ്യമായാണു വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച പക്ഷികളില്‍നിന്നു കൊതുകുകള്‍ വഴിയാണു വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്കു പകരുന്നത്. മുന്‍പ് അമേരിക്കയിലും ആഫ്രിക്കയിലും രോഗം സ്ഥിരീകരിച്ചപ്പോഴും പക്ഷികളായിരുന്നു വൈറസ് വാഹകര്‍. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com