അനന്തുവിനെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ 'കെജിഎഫിലെ' നായകന്റെ ഡയലോഗുകള്‍ പറഞ്ഞു; ക്രൂരക്കൊലയുടെ പിന്നിലെ ചുരുളഴിയുന്നു

തലസ്ഥാന നഗരിയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിസംഘം കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്
അനന്തുവിനെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ 'കെജിഎഫിലെ' നായകന്റെ ഡയലോഗുകള്‍ പറഞ്ഞു; ക്രൂരക്കൊലയുടെ പിന്നിലെ ചുരുളഴിയുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിസംഘം കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ്. സിനിമാഭ്രമമുളളവരായിരുന്നു അക്രമികളെന്ന് പൊലീസ് പറയുന്നു. അനന്തുവിനെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോഴും രാജ്യത്തൊട്ടാകെ മികച്ച വിജയം നേടിയ കെജിഎഫ് എന്ന കന്നട ചിത്രത്തിലെ നായകന്റെ ഡയലോഗുകള്‍ ഇവര്‍ പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സംഘത്തിലെ 11 പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരെ ഇനി കണ്ടെത്താനുണ്ട്. അറസ്റ്റിലായ അഞ്ചു പ്രതികളെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകസംഘത്തിലെ അംഗങ്ങള്‍ ലഹരിമരുന്നിന് അടിമകളായിരുന്നു. കൊലപാതകം നടപ്പാക്കിയതു കൃത്യമായി ആസൂത്രണം ചെയ്തായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊഞ്ചിറവിള ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിലുളള പക പോക്കലായിരുന്നു അനന്തുവിന്റെ കൊലപാതകം. കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തില്‍ മദ്യവും ലഹരിമരുന്നുമായി ഒത്തുചേര്‍ന്ന എട്ടംഗ സംഘമാണു പദ്ധതി തയാറാക്കിയതെന്നു പൊലീസ് അറിയിച്ചു. വിഷ്ണു, അഭിലാഷ്, റോഷന്‍, ബാലു, ഹരി, അരുണ്‍ ബാബു, റാം കാര്‍ത്തിക്, കിരണ്‍ കൃഷ്ണന്‍ എന്നിവരാണ് ഒത്തുകൂടിയത്. ഇതിലൊരാളുടെ പിറന്നാള്‍ ഇവിടെ ആഘോഷിച്ച ശേഷമാണു കൊലപാതക പദ്ധതിയിലേക്കു കടന്നത്. 

അനന്തു ദിവസവും കൈമനത്ത് ഒരു പെണ്‍കുട്ടിയെ കാണാന്‍ വരാറുണ്ടെന്ന് അരുണ്‍ ബാബു നല്‍കിയ വിവരമനുസരിച്ച് ഇവര്‍ ബൈക്കുകളില്‍ അങ്ങോട്ടേക്കു പുറപ്പെട്ടു. തന്റെ ബൈക്ക് റോഡില്‍ വച്ച് ഒരു ബേക്കറിയിലേക്ക് അനന്തു പോയപ്പോള്‍ വിഷ്ണു ആ ബൈക്കില്‍ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി തങ്ങളുടെ ബൈക്കില്‍ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലര്‍ തടയാന്‍ നോക്കിയപ്പോള്‍ വിരട്ടിയ ശേഷം ഇവര്‍ സ്ഥലംവിട്ടു. നേരെ തങ്ങളുടെ ഒളിസങ്കേതത്തില്‍ എത്തിച്ച് ഇവര്‍ സംഘം ചേര്‍ന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പു സഹിതം മാംസം മൃഗീയമായി കൊലപാതക സംഘത്തിലെ വിഷ്ണു അറുത്തെടുത്തിരുന്നു . പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണു കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തതെന്ന് പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കി. അനന്തു രക്തം വാര്‍ന്നു പിടയുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. അറസ്റ്റിലായ അഞ്ചുപ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികള്‍ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്. കൊലപാതകം നടത്തുന്നതിനു മുന്‍പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 

അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഇവര്‍ ചിത്രീകരിച്ചു സുഹൃത്തുക്കള്‍ക്ക് അയച്ചതായി പൊലീസ് പറയുന്നു. നഗരത്തിലെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നയാളുടെ മകനും അക്രമി സംഘത്തിലുണ്ട്.

അനന്തു മരിച്ച വിവരം കൊലക്കേസ് പ്രതിയായ മുന്‍ ഗുണ്ടാ നേതാവിനെ മകന്‍ അറിയിച്ചു. അയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഗുണ്ടാ നേതാവിന്റെ മകന്‍ കാമുകിക്ക് അയച്ചതായും സൂചനയുണ്ട്. കാമുകിയെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും കാര്യമുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com