'ഇക്കുറി ഈ സീറ്റുകൾ നഷ്ടപ്പെടരുത്' ; അഭിമാനപ്പോരിന് സിപിഎം, പ്രചാരണത്തിന് വിഎസും പിണറായിയും

കഴിഞ്ഞ തവണ പരാജയപ്പെട്ട 12 ലോക്സഭാ സീറ്റുകളിൽ നാല് എണ്ണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചത്
'ഇക്കുറി ഈ സീറ്റുകൾ നഷ്ടപ്പെടരുത്' ; അഭിമാനപ്പോരിന് സിപിഎം, പ്രചാരണത്തിന് വിഎസും പിണറായിയും

തിരുവനന്തപുരം : സിപിഎം പ്രസ്റ്റീജ് മൽസരമായി കാണക്കാക്കുന്ന മണ്ഡലങ്ങളാണ് വടകരയും കൊല്ലവും കോഴിക്കോടും. ഇതടക്കം നാലു സീറ്റുകളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ സിപിഎം നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ തവണ പരാജയപ്പെട്ട 12 ലോക്സഭാ സീറ്റുകളിൽ നാല് എണ്ണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചത്. 

കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ സീറ്റുകൾ. ഈ സീറ്റുകൾ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെടരുതെന്ന മുന്നറിയിപ്പ് ജില്ലാ നേതൃത്വങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് നൽകി. ഈ നാലു സീറ്റും 2014 ൽ ജയിക്കുന്ന സീറ്റുകളുടെ പട്ടികയിൽ സംസ്ഥാന കമ്മിറ്റി ഉൾപ്പെടുത്തിയിരുന്നെങ്കിലും അന്ന് കണക്കുകൂട്ടൽ പിഴക്കുകയായിരുന്നു. 

വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് കരുത്തനായ പി ജയരാജനെ തന്നെ പാർട്ടി കളത്തിലിറക്കിയത്. എം പി വീരേന്ദ്രകുമാറിന്റെ പാർട്ടിയുടെ മുന്നണിയിലേക്കുള്ള മടങ്ങിവരവ് ജയരാജന് ഏറെ ​ഗുണകരമാകുമെന്നും സിപിഎം വിലയിരുത്തുന്നു.  മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും സിപിഎമ്മിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു. എതിരാളി ആരാണെന്ന ഉദ്വേ​ഗവും, ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെ കെ രമ മൽസര രം​ഗത്തിറങ്ങിയാലുള്ള പോരാട്ടത്തിന്റെ തലവും സിപിഎമ്മിന്  ബോധ്യമുണ്ട്.

ഹാട്രിക് നേട്ടത്തിനിറങ്ങുന്ന എംകെ രാഘവനെ തളയ്ക്കുക ലക്ഷ്യമിട്ടാണ്, കോഴിക്കോട് സീറ്റിൽ ജനകീയനായ എ പ്രദീപ് കുമാറിനെ തന്നെ സിപിഎം കളത്തിലിറക്കിയത്. കോഴിക്കോട് നോർത്ത് എംഎൽഎ എ. പ്രദീപ്കുമാറിലൂടെ കോഴിക്കോട് വീണ്ടും ചുവപ്പണിയിക്കാമെന്നാണ് പാർട്ടി പ്രതീക്ഷ. 

കൊല്ലത്ത് ഇടക്കാലത്ത് കൈമോശം വന്ന ആദിപത്യം തിരിച്ചുപിടിക്കുക, കൊല്ലം മണ്ഡലം തിരിച്ചുപിടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്മുൻ ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗവുമായ കെ എൻ ബാല​ഗോപാലിനെ മൽസര രം​ഗത്തിറക്കിയത്. ആലപ്പുഴയിൽ ജനകീയനായ എഎം ആരിഫിനെയാണ് സിപിഎം കളത്തിലിറക്കിയത്. കെ സി വേണു​ഗോപാലിലൂടെ കോൺ​ഗ്രസ് കൈവശം വെച്ചിരിക്കുന്ന മണ്ഡലം അരൂർ എംഎൽഎയായ ആരിഫിലൂടെ പിടിച്ചടക്കാമെന്നാണ് ഇടതുപ്രതീക്ഷ. വേണുഗോപാൽ മത്സരിച്ചേക്കില്ല എന്നതും സിപിഎം  പ്രതീക്ഷ വർധിപ്പിക്കുന്നു. 

ഈ മണ്ഡലങ്ങളിലെ പ്രചാരണത്തിന് സിപിഎമ്മിന്റെ താരപ്രചാരകരായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും എത്തുമെന്നാണ് റിപ്പോർട്ടുകൾ. എൽഡിഎഫിന്റെ ബൂത്തുതലം വരെയുള്ള കൺവൻഷനുകൾ 20 നകം തീരും. സ്ഥാനാർഥികൾ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചുവരുന്നു. പാർട്ടിയുടെയും മുന്നണിയുടെയും നോട്ടീസുകളുമായി പ്രവർത്തകരെ വീടുകളിലേക്കു നിയോഗിച്ചിട്ടുണ്ട്. മാർച്ച് മൂന്നുമുതൽ രണ്ടു റൗണ്ട് സ്ഥാനാർഥി പര്യടനമാണ് ഇടതുമുന്നണി പദ്ധതിയിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com