വിശ്വപൗരന്‍ ഇമേജില്‍ രാജാജി; നാണക്കേടിന് പകരം വീട്ടാന്‍ പ്രതാപന്‍: ഇടത്തോട്ട് അധികം നടന്ന തൃശൂര്‍; പൂരത്തിന്റെ നാട്ടില്‍ ആര് കൊട്ടിക്കയറും?

1951 മുതല്‍ നടന്ന പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആറുതവണ മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് ലോക്‌സഭയിലെത്താനായത്
വിശ്വപൗരന്‍ ഇമേജില്‍ രാജാജി; നാണക്കേടിന് പകരം വീട്ടാന്‍ പ്രതാപന്‍: ഇടത്തോട്ട് അധികം നടന്ന തൃശൂര്‍; പൂരത്തിന്റെ നാട്ടില്‍ ആര് കൊട്ടിക്കയറും?

കോണ്‍ഗ്രസ് എപ്പോഴും തങ്ങളോടൊപ്പമെന്ന് അവകാശപ്പെടുന്ന തൃശൂരില്‍ പക്ഷേ, ഫലം ഏറെത്തവണയും അവര്‍ക്ക് അനുകൂലമായിരുന്നില്ല.
1951 മുതല്‍ നടന്ന പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആറുതവണ മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്ക് ലോക്‌സഭയിലെത്താനായത്. പത്തുതവണ വിജയക്കൊടി ഉയര്‍ത്തിയത് സിപിഐയും.എട്ടുതവണ ഇടതുമുന്നണിലും രണ്ടുതവണ കോണ്‍ഗ്രസിനൊപ്പവും നിന്നാണ് സിപിഐയുടെ വിജയങ്ങളെല്ലാം. സിപിഎമ്മുമായി ഏറ്റുമുട്ടിയപ്പോഴും ജയം സിപിഐയ്ക്കായിരുന്നുവെന്നത് തെരഞ്ഞെടുപ്പ് ചരിത്രം.

കെ. കരുണാകരനെ വീഴ്ത്തിയതും മണ്ഡലചരിത്രത്തില്‍ പ്രധാനം. 96ല്‍ വിവി രാഘവന്‍ കരുണാകരനെ പരാജയപ്പെടുത്തിയത് 1480 വോട്ടിനായിരുന്നെങ്കില്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മകന്‍ കെ മുരളീധരന്റെ തോല്‍വി 18,409 വോട്ടിനായി. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയുടെ വിജയം അനായാസമാക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും വിഭാഗീയതയുമായിരുന്നു. തുടര്‍ന്നുള്ള നാളുകളിലെ മാറ്റങ്ങള്‍ക്ക് ഇത് വഴിവെച്ചതും കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗം.

സിറ്റിങ് എംപി സിഎന്‍ ജയദേവനെ മാറ്റി ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസിനെ രംഗത്തിറക്കി തങ്ങളുടെ ഒരേയൊരു മണ്ഡലം നിലനിര്‍ത്താനാണ് സിപിഐ ശ്രമം. പിസി ചാക്കോയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് തൃശൂര്‍-ചാലക്കുടി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ വെച്ചുമാറിയപ്പോള്‍ കഴിഞ്ഞ തവണ യുഡിഎഫിനെ കാത്തിരുന്നത് രണ്ടിടത്തും കനത്ത തോല്‍വി. ഈ നാണക്കേടിന് പകരം വീട്ടാന്‍ ടിഎന്‍ പ്രതാപനെ ഇറക്കി ശക്തമായ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് യുഡിഎഫ്. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 38227 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന്റെ സിഎന്‍ ജയദേവനാണ് വിജയിച്ചത്. 3,89,209 വോട്ടുകളാണ് ജയദേവന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി ധനപാലന്‍ 3,50,982 വോട്ടുകളുമായി രണ്ടാം സ്ഥാനത്തായി. 1,02,681 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെ പി ശ്രീശന്‍ നേടിയത്.

തൃശൂര്‍ നഗരം, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട എന്നി നിയമസഭ മണ്ഡലങ്ങളാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ തൃശൂര്‍ നഗരം ഒഴിച്ച് ബാക്കിയെല്ലായിടത്തും എല്‍ഡിഎഫാണ് മുന്നിട്ടുനിന്നത്.2004ല്‍ 10.5 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടുവിഹിതം 11.5 ശതമാനമായി ഉയര്‍ന്നു.

2016 നിയമസഭ തെരഞ്ഞെടുപ്പ് 

എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വീണ്ടും നില മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴു നിയമസഭ മണ്ഡലങ്ങളിലും മുന്നില്‍ എത്തിയത് എല്‍ഡിഎഫാണ്. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 സീറ്റുകള്‍ നേടി എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണവും പിടിച്ചു. 

ആകെ വോട്ടര്‍മാര്‍: 12,93, 744
സ്ത്രീ വോട്ടര്‍മാര്‍: 6,71, 984
പുരുഷവോട്ടര്‍മാര്‍: 6,21,748
പുതിയ വോട്ടര്‍മാര്‍: 43109

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com