ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പണം ആരുടെ കൈയില്‍ നിന്നു പോകും?; എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ധര്‍മ്മജന്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി
ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പണം ആരുടെ കൈയില്‍ നിന്നു പോകും?; എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ധര്‍മ്മജന്‍ 

കൊച്ചി:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.'ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്. എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും വിജയിച്ചുവന്നാല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയില്‍ നിന്നു പോകും?. നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് പണം വകമാറ്റുന്നത'് -ധര്‍മ്മജന്‍ ചൂണ്ടിക്കാണിക്കുന്നു.

'കേരളത്തിലെ പ്രമുഖരായ മൂന്നുമുന്നണികളും അതില്‍ കോണ്‍ഗ്രസാവട്ടെ, സി.പി.എമ്മാവട്ടെ, ബി.ജെ.പിയാവട്ടെ ഇവരില്‍ ആര് മല്‍സരിച്ചാലും തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കൈമാറുന്നത് എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ  കൈയില്‍ നിന്നാണ്. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്.' 

'ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എം.എല്‍.എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എം.പി. എന്ന നിലയില്‍ പുതിയ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കൂടാതെ, ജാതിമത വേര്‍തിരിവുകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരുന്നത് സങ്കടകരമാണ്. ഒരു കാലഘട്ടത്തിലും ജാതിയോ, മതമേലധ്യക്ഷന്മാരോ അല്ലായിരിക്കണം സ്ഥാനാര്‍ഥികളെയോ, ആര്‍ക്ക് വോട്ടു ചെയ്യണമെന്നോ നിശ്ചയിക്കേണ്ടത്. ജനങ്ങളെ നയിക്കേണ്ടവര്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാകണം. ഒരു ജാതിയുടെയോ മതമേലധ്യക്ഷന്മാരുടെയോ വാക്കുകള്‍ കേട്ട് വോട്ട് ചെയ്യരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. അങ്ങനെ ചെയ്താല്‍ അത് ജനസമൂഹത്തോട് ചെയ്യുന്ന കുറ്റമാവും. ഞാനും ഒരു വോട്ടറാണ്. ഇത്തവണയും ഞാന്‍ ചെയ്യുന്നത് ജനങ്ങള്‍ക്കുവേണ്ടിയും എനിക്കുവേണ്ടിയുമുള്ള വോട്ടായിരിക്കും.' -ധര്‍മ്മജന്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com