'കൊടുത്താല്‍ കൊല്ലത്തും കിട്ടും, അതാണ് പ്രകൃതി നിയമം'; ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ ന്യായീകരിച്ച്‌ സി.പി. സുഗതന്‍; വിവാദം

ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു
'കൊടുത്താല്‍ കൊല്ലത്തും കിട്ടും, അതാണ് പ്രകൃതി നിയമം'; ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ ന്യായീകരിച്ച്‌ സി.പി. സുഗതന്‍; വിവാദം

ന്യൂസിലാന്‍ഡില്‍ മുസ്ലീം പള്ളിയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ന്യായീകരിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍ വിവാദത്തില്‍. 49 പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തെ ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. 

'ന്യൂസിലന്‍ഡ്... കൊടുത്താല്‍ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലം' സുഗതന്‍ കുറിച്ചു. ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു. 49 പേരുടെ മരണത്തെ മതത്തിന്റെ പേരില്‍ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിമര്‍ശനം കനത്തതോടെയാണ് സുഗതന്‍ പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിനു മുന്‍പും വിവാദ പ്രസ്താവന നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള വ്യക്തിയാണ് സുഗതന്‍. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വനിതാ മതില്‍ സംഘടന സമിതി ജോയിന്റ് കണ്‍വീനറായിരുന്നു സിപി സുഗതന്‍. 

കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തോക്കുധാരിയായ ഒരു യുവാവ് പള്ളിയിലേക്ക് അക്രമിച്ച് കയറി പ്രാര്‍ത്ഥിക്കാന്‍ എത്തിയവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 49 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഓസ്‌ട്രേലിയന്‍ വംശചനാണ് കൊലപാതകത്തിന് പിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com