കൊല്ലത്ത് സുരേഷ് ഗോപി ?; അര്‍ധസമ്മതം മൂളി, പത്തനംതിട്ടക്കായി ബിജെപിയില്‍ പിടിവലി

ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മല്‍സര രംഗത്തിറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു
കൊല്ലത്ത് സുരേഷ് ഗോപി ?; അര്‍ധസമ്മതം മൂളി, പത്തനംതിട്ടക്കായി ബിജെപിയില്‍ പിടിവലി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചു. കൊല്ലത്ത് സിനിമാ താരം സുരേഷ് ഗോപിയെയാണ് ബിജെപി ഗൗരവമായി പരിഗണിക്കുന്നത്. സുരേഷ് ഗോപിയെ മല്‍സര രംഗത്തിറക്കിയാല്‍, അദ്ദേഹത്തിന്റെ താരപരിവേഷവും വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.

ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മല്‍സര രംഗത്തിറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ മല്‍സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്ത് സുരേഷ് ഗോപിക്ക് പുറമെ, മുന്‍ഐഎഎസ് ഉദ്യോഗസ്ഥന്‍ ആനന്ദബോസിന്റെ പേരും പരിഗണനയിലുണ്ട്. 

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ മല്‍സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം സജീവമായി ആലോചിക്കുന്നത്. തൃശൂരില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചാല്‍, പത്തനംതിട്ട സുരേന്ദ്രന് നല്‍കും. അങ്ങനെയെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് സ്ഥാനാര്‍ത്ഥിത്വം ഉണ്ടാകില്ല. നിലവില്‍ നാലുപേരാണ് പത്തനംതിട്ടക്കായി രംഗത്തുള്ളത്. പി എസ് ശ്രീധരന്‍പിള്ള, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി.

ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍, കോഴിക്കോട് പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരെയും പരിഗണിക്കുന്നു. ശ്രീധരന്‍ പിള്ളയുടെ പേരും കോഴിക്കോട് ഉയര്‍ന്നുവന്നിട്ടുണ്ട്. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെയും രമേശിന്റെയും നിലപാട്. മലപ്പുറത്തോ, പൊന്നാനിയിലോ വി ടി രമയും സ്ഥാനാര്‍ത്ഥിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com