ബിഷപ്പിനെതിരെ മൊഴി നൽകിയതിന് നേരിടുന്നത് കടുത്ത മാനസിക പീഡനം ; മനോരോ​ഗിയാക്കാനും ശ്രമം നടന്നു : വെളിപ്പെടുത്തലുമായി സാക്ഷി

അഭിഷേകം കിട്ടിയ മെത്രാനെതിരെ പറഞ്ഞാൽ വിശ്വാസികൾ ഒന്നടങ്കം നശിക്കുമെന്നാണ് പറയുന്നത്
ബിഷപ്പിനെതിരെ മൊഴി നൽകിയതിന് നേരിടുന്നത് കടുത്ത മാനസിക പീഡനം ; മനോരോ​ഗിയാക്കാനും ശ്രമം നടന്നു : വെളിപ്പെടുത്തലുമായി സാക്ഷി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ മൊഴിമാറ്റുന്നതിന് തന്റെ മേൽ സമ്മർദ്ദമുണ്ടെന്ന് സാക്ഷിയുടെ വെളിപ്പെടുത്തൽ. കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. തന്നെ മാനസിക രോ​ഗിയാക്കി ചിത്രീകരിക്കാനും ശ്രമിച്ചെന്നും സിസ്റ്റർ ലിസി വടക്കേൽ പറഞ്ഞു. സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള സന്യാസ സമൂഹത്തിലെ കന്യാസ്ത്രീയാണ് സിസ്റ്റർ ലിസി. 

ഫ്രാങ്കോയ്ക്കെതിരായി മൊഴി കൊടുത്തതിന്റെ പേരിൽ മഠത്തിനുള്ളിൽ മാനസികമായി പീഡിപ്പിക്കുകയാണ്. വിജയവാഡ വിട്ട് കേരളത്തിൽ എത്തിയത് മരണ ഭയം കൊണ്ടാണ്. സമ്മർദ്ദത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ നിന്ന് വീണ്ടും സ്ഥലം മാറ്റിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലിസി കൂട്ടിച്ചേർത്തു.

''മഠം വിട്ട് പോകാനും തിരുവസ്ത്രം ഉപേക്ഷിച്ച് പോകാനും തനിക്ക് മേൽ നിർബന്ധമുണ്ട്. രോഗാവസ്ഥയിൽ പോലും എല്ലാ വിധത്തിലും ഉപദ്രവിക്കുകയാണ്. ചില സമയങ്ങളിൽ കിട്ടുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് ഇപ്പോൾ കഴിക്കുന്നത്. സ്വന്തം അമ്മയോട് സംസാരിക്കാൻ പോലും മഠത്തിലുള്ളവർ അനുവദിക്കുന്നില്ല. അസുഖം ബാധിച്ച് കിടന്നപ്പോൾ മരുന്ന് വാങ്ങാൻ പണം നൽകിയില്ല. തലയിൽ തേയ്ക്കാൻ അല്പം എണ്ണ ചോദിച്ചപ്പോൾ സിസ്റ്റ‌റിന് തരാൻ ഇവിടെ എണ്ണയില്ല എന്നായിരുന്നു മറുപടി. കൂടാടെ മഠത്തിലുള്ള മറ്റുള്ളവരെ തന്നിൽ നിന്ന് അകറ്റി നിർത്തി ഒറ്റപ്പെടുത്തുകയാണ്'' - സിസ്റ്റ‌ർ ലിസി വ്യക്തമാക്കി.

പീഡനത്തിന് ഇരയായ കന്യാസ്ത്രീ ആദ്യം വിവരം പങ്കുവച്ചത് സിസ്റ്റർ ലിസിയോടായിരുന്നു. ലിസി ഇക്കാര്യം പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞശേഷമാണ് പീഡനം ശക്തമായത്. തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്ത് പോകാനുള്ള സമ്മർദത്തിലാക്കി ഒറ്റപെടുത്തുകയാണ് മഠത്തിലുള്ളവർ. വിജയവാഡയിലെ പ്രൊവിൻഷ്യലായിട്ടുള്ള അൽഫോൺസ അബ്രഹാമും,​ മദർ ജനറലും ചേർന്ന് മൊഴിമാറ്റാൻ വലിയ തോതിൽ സമ്മർദം ചെലുത്തുന്നുണ്ട്. 

വിജയവാഡയിലെത്തിയ തനിക്ക് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു. മതപരമായ ശുശ്രൂഷകളിൽ നിന്നും ഒഴിവാക്കിയതോടെ, താൻ മാനസിക രോ​ഗിയായി മാറുമെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ ചികിൽസിച്ചുകൊള്ളാമെന്നായിരുന്നു മറുപടി പറഞ്ഞത്. താൻ മാനസിക രോ​ഗത്തിന് ചികിൽസ തേടുന്നയാളെന്ന് വരുത്തി തന്റെ മൊഴി ദുർബലപ്പെടുത്താനാണ് ശ്രമമെന്ന് മനസ്സിലായി. അഭിഷേകം കിട്ടിയ മെത്രാനെതിരെ പറഞ്ഞാൽ വിശ്വാസികൾ ഒന്നടങ്കം നശിക്കുമെന്നാണ് ഇവർ പറയുന്നത്. ബിഷപ്പിനെതിരായ മൊഴിമാറ്റാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതെന്ന് സിസ്റ്റർ ലിസി വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com