തോമസ് പണിത കോട്ട ഹൈബി കാക്കുമോ?; അട്ടിമറിക്കാന്‍ രാജീവ്: എന്നും യുഡിഎഫിനോട് ചാഞ്ഞുനിന്ന വ്യവസായ നഗരം

ഇതുവരെ നടന്ന 17 പൊതുതെരഞ്ഞെടുപ്പുകളില്‍ 12 തവണയും യുഡിഎഫിനെയാണ് മണ്ഡലം തുണച്ചത്
തോമസ് പണിത കോട്ട ഹൈബി കാക്കുമോ?; അട്ടിമറിക്കാന്‍ രാജീവ്: എന്നും യുഡിഎഫിനോട് ചാഞ്ഞുനിന്ന വ്യവസായ നഗരം

യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനിറങ്ങാറുള്ള മണ്ഡലമാണ് എറണാകുളം. തുടര്‍ച്ചയായി കൈവരിച്ചിട്ടുള്ള വിജയങ്ങളുടെ മനോവീര്യത്തോടെയാണ് മുന്നണി പോര്‍ക്കളത്തിലിറങ്ങാറുള്ളത്. ഉപതെരഞ്ഞെടുപ്പുകളിലും അല്ലാതെയും ഇടതുമുന്നണി അഞ്ചുതവണ ഇവിടെ വിജയിച്ചിട്ടുണ്ടെങ്കിലും മണ്ഡലത്തിന്റെ പൊതുസ്വഭാവം പറയുമ്പോള്‍, യുഡിഎഫ് അനുകൂലമാണ് എന്നാണ് ഉത്തരം. ഇതുവരെ നടന്ന 17 പൊതുതെരഞ്ഞെടുപ്പുകളില്‍ 12 തവണയും യുഡിഎഫിനെയാണ് മണ്ഡലം തുണച്ചത്.എന്നാല്‍, ഇക്കുറി സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫിന് ഇതുവരെ കാഴ്ചവെച്ച പ്രകടനം മതിയാവില്ല. തികഞ്ഞ ഒരു രാഷ്ട്രീയപോരാട്ടമാണ് എറണാകുളത്ത് നടക്കാന്‍പോകുന്നത്.  

ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പി.യുമായ പി. രാജീവിനെ നിശ്ചയിച്ചതോടെ മത്സരത്തിന്റെ സ്വഭാവം മാറുകയാണ്. ജാതിമത പരിഗണനകളിലൂന്നി സ്വതന്ത്രനെ അന്വേഷിക്കുന്ന പതിവുപരിപാടി ഒഴിവാക്കി, സിപിഎം തങ്ങളുടെ കരുത്തനായ പാര്‍ലമെന്റേറിയനെയാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം അങ്കത്തിന് ഒരുങ്ങിയിരുന്ന മുതിര്‍ന്ന നേതാവ് കെവി തോമസിനെ വെട്ടി എറണാകുളത്തെ തന്നെ എംഎല്‍എയായ ഹൈബി ഈഡനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. 


2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 87,047 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫിന്റെ കെവി തോമസാണ് വിജയിച്ചത്. 3,53,841 വോട്ടുകളാണ് കെവി തോമസിന് ലഭിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് 2,66,794 വോട്ടുകളോടെ രണ്ടാംസ്ഥാനത്ത് എത്തി. 90,003 വോട്ടുകള്‍ നേടി ബിജെപിയുടെ എന്‍ എന്‍ രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. ആംആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച മണ്ഡലം എന്ന നിലയിലാണ് എറണാകുളം അറിയപ്പെടുന്നത്. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അനിതാ പ്രതാപിനെയാണ് ആംആദ്മി പാര്‍ട്ടി രംഗത്തിറക്കിയത്. 51,517 വോട്ടുകള്‍ നേടി ആംആദ്മി രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. ആംആദ്മി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥി കേരളത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയ മണ്ഡലമാണ് എറണാകുളം. 

പറവൂര്‍, വൈപ്പിന്‍, കളമശ്ശേരി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി എന്നി നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. 2014ല്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും കെ വി തോമസാണ് മുന്നിട്ടുനിന്നത്. 


2016 നിയമസഭ തെരഞ്ഞെടുപ്പ്

രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കളമശ്ശേരി, പറവൂര്‍, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തി. 2015ല്‍ കൊച്ചി കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 38 സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫിന് 27 സീറ്റുകള്‍ ലഭിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്.

ആകെ വോട്ടര്‍മാര്‍: 12,09,440
പുരുഷന്മാര്‍: 5,89,598
സ്ത്രീകള്‍: 6,19,834
പുതിയ വോട്ടര്‍മാര്‍: 54,222

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com