ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനമാകാം, സിനിമാ വിലക്കും മാറ്റി: വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി

ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖിന്റെ ഉത്തരവ്.
ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയപ്രവര്‍ത്തനമാകാം, സിനിമാ വിലക്കും മാറ്റി: വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനും സിനിമ കാണലിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടികള്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വ്യവസ്ഥകള്‍ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖിന്റെ ഉത്തരവ്. തൃശൂര്‍ കേരളവര്‍മ്മ കോളേജ് ഹോസ്റ്റലിലെ താമസക്കുന്ന അഞ്ജിത കെ ജോസ്, റിന്‍സ തസ്‌നി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലോ പ്രകടനങ്ങളിലോ യോഗങ്ങളിലോ പങ്കെടുക്കരുത്, വാര്‍ഡന്‍ അനുവദിക്കുന്ന ദിവസം മാത്രമേ സിനിമയ്ക്ക് പോകാവൂ, സെക്കന്‍ഡ് ഷോയ്ക്ക് പോകാന്‍ പാടില്ല തുടങ്ങിയ നിരവധി വ്യവസ്ഥകളാണ് വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്തത്.

രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിലപാടിന് അച്ചടക്കം നടപ്പാക്കുന്നതുമായി ബന്ധമില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യയിലെ ഏത് പൗരനും അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്താനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും  മൗലികാവകാശമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വിലക്ക് മൗലികാവകാശ ലംഘനമാണ്. അതുകൊണ്ട് ആ വ്യവസ്ഥ റദ്ദാക്കുകയാണ് എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. 

മാത്രമല്ല, സിനിമ കാണുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. ഫസ്റ്റ്‌ഷോയ്ക്ക് പോകണമോ, സെക്കന്‍ഡ് ഷോയ്ക്ക് പോകണമോ എന്നുള്ളതൊക്കെ വിദ്യാര്‍ഥിനികള്‍ക്ക് തീരുമാനിക്കാം. ഇതില്‍ മറ്റുള്ളവര്‍ക്ക് ഇടപടാനാകില്ല. മൗലികാവകാശത്തിന് വിരുദ്ധമാകുന്ന വ്യവസ്ഥകള്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഏര്‍പ്പെടുത്താനുമാകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com