അന്ന് സ്വതന്ത്രന്‍, ഇന്ന് സഖാവ് ഇന്നസെന്റ്; തിരിച്ചുപിടിക്കാന്‍ ബെന്നി

കഴിഞ്ഞതവണ അപ്രതീക്ഷിത വിജയം നേടിയ നടന്‍ ഇന്നസെന്റാണ് ഇക്കുറിയും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
അന്ന് സ്വതന്ത്രന്‍, ഇന്ന് സഖാവ് ഇന്നസെന്റ്; തിരിച്ചുപിടിക്കാന്‍ ബെന്നി

മുമ്പ് മുകുന്ദപുരം എന്നറിയപ്പെട്ടിരുന്ന മണ്ഡലമാണ് പേരുമാറി ചാലക്കുടിയായത്. യു.ഡി.എഫിന്റെ കോട്ടയായിരുന്നു മുകുന്ദപുരം. 1957ന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ പത്തുതവണയാണ് മുകുന്ദപുരം യുഡിഎഫിനെ പിന്തുണച്ചത്. 2004ല്‍ കരുണാകരന്റെ മകളായ പത്മജ വേണുഗോപാലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ലോനപ്പന്‍ നമ്പാടന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത് മണ്ഡലത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഏടാണ്.കെ. കരുണാകരന്റെ മാള ഉള്‍പ്പെടുന്നതായിരുന്നു മുകുന്ദപുരം മണ്ഡലം. 

കഴിഞ്ഞതവണ അപ്രതീക്ഷിത വിജയം നേടിയ നടന്‍ ഇന്നസെന്റാണ് ഇക്കുറിയും ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യം മത്സരിക്കാനില്ലെന്ന് നിലപാട് സ്വീകരിച്ച ഇന്നസെന്റില്‍ സിപിഎം പ്രതീക്ഷയര്‍പ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ബെന്നി ബെഹന്നാന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഈ മേഖലയില്‍ സ്വാധീനമുള്ള ബി.ഡി.ജെ.എസിന് സീറ്റ് നല്‍കാന്‍ ബി.ജെ.പി. തയ്യാറായേക്കും.മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ സ്വാധീനമുളള യാക്കോബായ വിഭാഗം പൊതുവേ എല്‍.ഡി.എഫ്.അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് പക്ഷത്തിനും ശക്തികേന്ദ്രങ്ങളുണ്ട്. എന്നാല്‍, സാമുദായികഘടകങ്ങളെക്കാളേറെ രാഷ്ട്രീയവോട്ടുകളാകും വിധി നിര്‍ണയിക്കുക.

2014 ലോക്‌സഭ തെരഞ്ഞെടുപ്പ് 

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 13844 വോട്ടുകള്‍ക്കായിരുന്നു ഇന്നസെന്റിന്റെ വിജയം. 3,58,440 വോട്ടുകളാണ് ഇന്നസെന്റിന് ലഭിച്ചത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ പി സി ചാക്കോയ്ക്ക് 3,44,556 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ ബി ഗോപാലകൃഷ്ണന്‍ 92,848 വോട്ടുകള്‍ നേടി. ബിജെപിയുടെ വോട്ടുവിഹിതം തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്നു. 5.72 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായാണ് ഉയര്‍ന്നത്. ആംആദ്മി പാര്‍ട്ടിക്ക് ഇവിടെ 35,189 വോട്ട്കിട്ടിയതും ശ്രദ്ധേയമാണ്. ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അവസാനനിമിഷം പരസ്പരം മാറിയിരുന്നു. ഇതുണ്ടാക്കിയ ആശയക്കുഴപ്പവും മുറുമുറുപ്പുകളും  എല്‍.ഡി.എഫിന് മുതലാക്കാന്‍ സാധിക്കുകയായിരുന്നു. 

എറണാകുളം ജില്ലയിലെ കുന്നത്തുനാട്, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നി നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം.കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍ അങ്കമാലി, ആലുവ നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചത്. 


2016 നിയമസഭ തെരഞ്ഞെടുപ്പ്

രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥിതിമാറി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നി നിയമസഭ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ഒപ്പം നിന്നപ്പോള്‍ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നിവിടങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 29 ഇടത്ത് എല്‍ഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫ് 21 ഇടത്തും ഭരണം കയ്യാളുന്നു. 

ആകെ വോട്ടര്‍മാര്‍: 11,85,268
സ്ത്രീ വോട്ടര്‍മാര്‍: 6,07646
പുരുഷ വോട്ടര്‍മാര്‍: 5,77,615
പുതിയ വോട്ടര്‍മാര്‍: 35, 894

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com