ഇടതിലുറച്ച പാലക്കാട്; കരുത്തരായി ബിജെപി, അട്ടിമറിക്കാന്‍ യുഡിഎഫ്

നാല് തവണയൊഴിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുന്ന മണ്ഡലമാണ് പാലക്കാട്.
ഇടതിലുറച്ച പാലക്കാട്; കരുത്തരായി ബിജെപി, അട്ടിമറിക്കാന്‍ യുഡിഎഫ്

നാല് തവണയൊഴിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുന്ന മണ്ഡലമാണ് പാലക്കാട്. 2014ല്‍ ലഭിച്ച വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് സിറ്റിങ് എംപിയായ എംബി രാജേഷ് വീണ്ടുമിറങ്ങുന്നത്. പാലക്കാട് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. 2014ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംപി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയായ ലോക്താന്ത്രിക്ക് ജനതാദളുമായി എല്‍ഡിഎഫിനൊപ്പം. 

പാലക്കാട് നഗരസഭ ഭരിക്കുന്നതിന്റെയും കഴിഞ്ഞ തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ നേടിയ 136,541 വോട്ടിന്റെ കണക്കും പകരുന്ന കരുത്തില്‍ ബിജെപിയും രംഗത്തിറങ്ങുമ്പോള്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാകും പാലക്കാട്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രനാണ് സാധ്യത കൂടുതല്‍. 2009 ല്‍ വെറും 8.7 ശതമാനം വോട്ടുകള്‍ ആയിരുന്നു ബിജെപിയ്ക്കുണ്ടായിരുന്നത് എങ്കില്‍, അത് 2014 ല്‍ എത്തിയപ്പോള്‍ 15 ശതമാനം ആയി ഉയര്‍ന്നു. ബിജെപി ഇത്തവണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലക്കാട്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പ്

കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നിവയാണ് ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങള്‍. ഇതില്‍ പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട് എന്നിവ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയ എംപി വീരേന്ദ്രകുമാറിന് ആകെ മേല്‍ക്കൈ ലഭിച്ചത് മണ്ണാര്‍ക്കാട് മാത്രം. 105,300 വോട്ടുകള്‍ക്കായിരുന്നു വീരേന്ദ്ര കുമാര്‍ പരാജയപ്പെട്ടത്.

2016 നിയസമഭ തെരഞ്ഞെടുപ്പ്


2016 നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാടും മണ്ണാര്‍ക്കാടും മാത്രം യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ബാക്കി അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം നിന്നു. ഇതില്‍ വിഎസ് അച്യുതാനന്ദന്‍ വിജയിച്ച മലമ്പുഴയിലും ഷാഫി പറമ്പില്‍ വിജയിച്ച പാലക്കാടും രണ്ടാംസ്ഥാനത്തെത്തിയത് ബിജെപി. മലമ്പുഴയില്‍ വിഎസ് 73299 വോട്ട് നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ നേടിയത് 46157 വോട്ട്. പാലക്കാട് ഷാഫി പറമ്പില്‍ 57559 വോട്ട് നേടിയപ്പോള്‍ ശോഭാ സുരേന്ദ്രന്‍ നേടിയത് 40076 വോട്ട്. 

ആകെ വോട്ടര്‍മാര്‍: 12,87,902
പുരുഷ വോട്ടര്‍മാര്‍:6,27,854
സ്ത്രീ വോട്ടര്‍മാര്‍: 6,60047
പുതിയ വോട്ടര്‍മാര്‍: 82,104

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com