എല്ലാ കാര്യങ്ങള്‍ക്കും സഹകരിച്ച സഹപ്രവര്‍ത്തകര്‍ എന്നോട് എന്തിന് ഇത് ചെയ്തു ? ; സോണിയയും മന്‍മോഹനും പിന്തുണച്ചിട്ടും കെ വി തോമസിന് പാരയായത് കേരള നേതാക്കള്‍ 

എല്ലാ കാര്യങ്ങള്‍ക്കും സഹകരിച്ച സഹപ്രവര്‍ത്തകര്‍ എന്നോട് എന്തിന് ഇത് ചെയ്തു ? ; സോണിയയും മന്‍മോഹനും പിന്തുണച്ചിട്ടും കെ വി തോമസിന് പാരയായത് കേരള നേതാക്കള്‍ 

കെ വി തോമസിന് തന്നെ സീറ്റ് നല്‍കാമെന്ന നിലപാട് യോഗത്തില്‍ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഉന്നയിച്ചു

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് കെ വി തോമസിന് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ രൂക്ഷമായ തര്‍ക്കം നടന്നു. കെ വി തോമസിന് തന്നെ സീറ്റ് നല്‍കാമെന്ന നിലപാട് യോഗത്തില്‍ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഉന്നയിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും സോണിയയുടെ നിര്‍ദേശത്തെ പിന്താങ്ങി. 

എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമാണ് കെ വി തോമസിനെതിരെ രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്തെ നേതാക്കളായിരുന്നു പ്രധാനമായും തോമസിനെതിരെ രംഗത്തുവന്നത്. കെ വി തോമസ് വീണ്ടും മല്‍സരിച്ചാല്‍ ജയസാധ്യതയില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. മണ്ഡലത്തില്‍ കെ വി തോമസിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ വാദിച്ചു. 

കൂടാതെ, നേരത്തെ ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. ജയസാധ്യതയില്ലാത്ത തോമസിനെ നിര്‍ത്തിയാല്‍ സഹകരിക്കില്ലെന്നും പ്രാദേശിക നേതാക്കളും അറിയിച്ചു. ഗ്രൂപ്പുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതും, സോണിയഗാന്ധിയുടെ വിശ്വസ്തനായ കെ വി തോമസിന് രാഹുല്‍ഗാന്ധിയുമായി വേണ്ടത്ര അടുപ്പമില്ലാത്തതും വിനയായി. 

ചര്‍ച്ചകള്‍ക്കൊടുവില്‍ എറണാകുളത്ത് യുവസ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാമെന്ന് തീരുമാനിക്കകുയും, നിലവിലെ എംഎല്‍എ ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഡല്‍ഹിയിലും കേരളത്തിലും കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കെടുത്തിരുന്നു. എന്നിട്ടും സീറ്റ് നിഷേധിച്ചത് കനത്ത ആഘാതമായെന്ന് കെ വി തോമസ് പറഞ്ഞു. 

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് അപ്രതീക്ഷിതമാണ്. ആരും ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നില്ല. ഡിസിസി പ്രസിഡന്റ് വിനോദും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും താന്‍ തന്നെയായിക്കും സ്ഥാനാര്‍ത്ഥി എന്നാണ് അറിയിച്ചത്. എന്റെ പേര് മാത്രമാണ് അയച്ചത് എന്നാണ് പറഞ്ഞത്. എന്നാല്‍ ജില്ലയിലെ ചില സഹപ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥിത്വത്തിന് പാര പണിതത്. എല്ലാ കാര്യങ്ങളിലും അവര്‍ക്കൊപ്പം നിന്ന, അവരോടൊപ്പം ഭക്ഷണം കഴിച്ച സഹപ്രവര്‍ത്തകര്‍ എന്തിന് ഇതു ചെയ്തു എന്ന് കെ വി തോമസ് ചോദിച്ചു. ഇത് കനത്ത ആഘാതമായിപ്പോയെന്നും കെ വി തോമസ് പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com